ശബരിമല തീര്‍ത്ഥാടകര്‍ വയറിളക്ക രോഗങ്ങള്‍ക്കെതിരെ മുന്‍കരുതല്‍ പാലിക്കണമെന്ന് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍. അനിതാ കുമാരി അറിയിച്ചു. ശുചിത്വമില്ലാത്ത വെള്ളവും ആഹാരവും കഴിക്കുന്നതാണ് വയറിളക്കരോഗം ഉണ്ടാകാന്‍ കാരണം. തീര്‍ത്ഥാടകര്‍ കുടിവെള്ളം കൂടെ കരുതുന്നതാണ് അഭികാമ്യം. ഭക്ഷണത്തിന് മുമ്പ് കൈകള്‍ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകണം. പഴകിയതോ, തുറന്നു വച്ചതോ ആയ ആഹാരം കഴിക്കരുത്. പഴങ്ങള്‍ നന്നായി കഴുകിയ ശേഷംമാത്രം കഴിക്കുക.
തുറസായ സ്ഥലങ്ങളില്‍ മലമൂത്രവിസര്‍ജ്ജനം ചെയ്യരുത്. ശൗചാലയങ്ങള്‍ ഉപയോഗിക്കുക. മലവിസര്‍ജ്ജനത്തിന് ശേഷം കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുക. മാലിന്യങ്ങള്‍ വലിച്ചെറിയാതെ നിര്‍ദ്ദിഷ്ട സ്ഥലങ്ങളില്‍ മാത്രം നിക്ഷേപിക്കുക. ഹോട്ടലുകളില്‍ അഞ്ചുമിനിറ്റെങ്കിലും വെട്ടി തിളപ്പിച്ച വെള്ളം മാത്രമെ കുടിക്കാന്‍ നല്‍കാവൂ. തിളപ്പിച്ച വെള്ളത്തിലേക്ക് പച്ചവെള്ളം ഒഴിച്ച് കുടിവെള്ളമായി നല്‍കാന്‍ പാടില്ല.
ഭക്ഷണസാധനങ്ങള്‍ ഈച്ചയും മറ്റുപ്രാണികളും കടക്കാത്ത വിധം അടച്ചുമാത്രമേ സൂക്ഷിക്കാവൂ. ശാരീരിക ബുദ്ധിമുട്ടുകളോ രോഗലക്ഷണങ്ങളോ ഉണ്ടായാല്‍ ഉടന്‍ തന്നെ ശരണപാതയിലുള്ള ആരോഗ്യ കേന്ദ്രങ്ങളെ സമീപ്പിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.