ബ്ലോക്ക് തലത്തിൽ കൽപ്പറ്റ, നഗരസഭയിൽ മനന്തവാടി ജേതാക്കൾ

സംസ്ഥാന യുവജനക്ഷേമ ബോർഡും ജില്ലാ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച ജില്ലാ കേരളോത്സവത്തിന്റെ കലാ മത്സരങ്ങൾ സമാപിച്ചു. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാനം ചെയ്തു. രണ്ട് ദിവസങ്ങളിലായി കൽപ്പറ്റ എൻ.എസ്.എസ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന സ്റ്റേജ് മത്സരങ്ങൾക്കാണ് സമാപനമായത്. കലാ മത്സരങ്ങളിൽ 289 പോയിന്റ് നേടി കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്തും 244 പോയിന്റ് നേടി മുനിസിപാലിറ്റി തലത്തിൽ മാനന്തവാടി നഗരസഭയും ഒന്നാമതായി.

ബ്ലോക്ക് തലത്തിൽ 222 പോയിന്റോടെ പനമരം ബ്ലോക്ക് പഞ്ചായത്ത് രണ്ടാം സ്ഥാനത്തും 161 പോയിൻ്റോടെ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് മൂന്നാമതും 108 പോയിന്റ് നേടി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് നാലാമതുമായി .
നഗരസഭകളിൽ 124 പോയിന്റ് നേടി കൽപ്പറ്റ നഗരസഭ രണ്ടാമതും 61 പോയിന്റ് നേടി ബത്തേരി നഗരസഭ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി അധ്യക്ഷനായി. കേരളോത്സവത്തിൽ വിജയിച്ചവർക്കുള്ള സർട്ടിഫിക്കറ്റ് മൊമന്റോ വിതരണവും സംസ്ഥാന യുവജനക്ഷേമ ബോർഡ് അംഗം പി എം ഷബീറലി നിർവ്വഹിച്ചു.

മാനന്തവാടി നഗരസഭ ഭരണ സമിതി അംഗം അഡ്വ. സിന്ധു സെബാസ്റ്റ്യൻ, ബത്തേരി ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി അംഗം ലതാ ശശി, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ മീനാക്ഷി രാമൻ, അമൽ ജോയ്, സിന്ധു ശ്രീധർ, എ എൻ സുശീല, കെ വിജയൻ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി സി മജീദ് തുടങ്ങിയവർ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ മത്സരിച്ച് വിജയിച്ചവരാണ് ജില്ലാ തലത്തിൽ മത്സരച്ചിത്. ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടിയവർ സംസ്ഥാന തലത്തിൽ മാറ്റുരയ്ക്കും. കേരളോത്സവത്തിന്റെ ഇൻഡോർ കായിക മത്സരങ്ങൾ നാളെ (തിങ്കൾ) തുടങ്ങും.