ഓറഞ്ച് വേള്‍ഡ് ക്യാമ്പയിന്റെ ഭാഗമായി വനിതാ ശിശു വികസന വകുപ്പും തൊഴിൽ വകുപ്പും സംയുക്തമായി ബോധവത്ക്കരണ ശില്പശാല സംഘടിപ്പിച്ചു. അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് റെജി പി ജോസഫ് ഉദ്ഘാടനം ചെയ്തു. ‘സ്ത്രീ സംരക്ഷണ നിയമങ്ങൾ’, ‘വനിതാ ശിശു വികസന വകുപ്പ് – സേവനങ്ങൾ- പദ്ധതികൾ’ എന്നീ വിഷയങ്ങളിൽ അഡ്വ. ചന്ദ്രതാര ക്ലാസ് നയിച്ചു.

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനായി ഗാർഹിക പീഡന നിരോധന നിയമം, സ്ത്രീധന നിരോധന നിയമം, സാമ്പത്തിക പീഡന നിരോധന നിയമം, ലൈംഗിക പീഡന നിരോധന നിയമം, മാനസിക പീഡന നിരോധന നിയമം എന്നീ നിയമങ്ങളിലൂടെ എങ്ങനെ സാധ്യമാക്കാമെന്ന് ക്ലാസിൽ വിശദീകരിച്ചു. സ്ത്രീധനമല്ല മറിച്ച്, നല്ല വിദ്യാഭ്യാസവും സംസ്കാരവും നൽകി സമൂഹത്തിൽ നല്ല വ്യക്തിത്വമായി ജീവിക്കാൻ അവരെ പ്രാപ്തരാക്കുകയാണ് മാതാപിതാക്കൾ മക്കൾക്കായി നൽകേണ്ടതെന്ന് അവർ ഓർമ്മിപ്പിച്ചു. വക്കീലുമാർ, ട്രേഡ് യൂണിയൻ നേതാക്കൾ, കുടുംബശ്രീ അംഗങ്ങൾ തുടങ്ങി 110 പേർ ശില്പശാലയിൽ പങ്കെടുത്തു.

എലൈറ്റ് ഇൻറർനാഷണൽ ഹോട്ടലിൽ നടന്ന പരിപാടിയിൽ അസിസ്റ്റന്റ് ലേബർ ഓഫീസർ ഷിംന അധ്യക്ഷത വഹിച്ചു. സീനിയർ സൂപ്രണ്ട് രാംദാസ്, ജില്ലാ വനിതാ ശിശു വികസന ഓഫീസർ പി മീര, ജില്ലാ ശിശു സംരക്ഷണ ഓഫീസർ മഞ്ജു പി ജി, വനിതാ സംരക്ഷണ ഓഫീസർ ലേഖ എസ്, ലിജി ഇട്ടിയച്ചൻ എന്നിവർ പങ്കെടുത്തു.

സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങളും ലിംഗവിവേചനവും അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വനിത ശിശുവികസന വകുപ്പ് നേതൃത്വം നല്‍കുന്നതാണ് ഓറഞ്ച് ദ വേള്‍ഡ് ക്യാമ്പയിന്‍. ക്യാമ്പയിൻറെ ഭാഗമായി വിവിധ പരിപാടികളാണ് വനിത ശിശുവികസന വകുപ്പ് സംഘടിപ്പിക്കുന്നത്.