കന്നുകാലികൾ തളർന്നുവീഴുന്ന സാഹചര്യങ്ങൾ ഉണ്ടായാൽ എഴുന്നേൽപ്പിച്ചു നിർത്തുന്നതിനായി എളവള്ളി ഗ്രാമപഞ്ചായത്തിൽ ആധുനിക യന്ത്രമെത്തി. പ്രസവസമയത്തും അതിനുമുമ്പും കാൽസ്യത്തിന്റെ കുറവ് മൂലം കന്നുകാലികൾ തളർന്നു വീഴുക പതിവാണ്. തളർന്നുവീണ കന്നുകാലികൾ എഴുന്നേൽക്കാനാവാത്തതുമൂലം തീറ്റയെടുക്കാത്ത അവസ്ഥയുണ്ടാവുകയും മരണത്തിലേക്ക് കാരണമാവുകയും ചെയ്യാറുണ്ട്. ഗ്രാമപഞ്ചായത്തിലെ ക്ഷീര കർഷകർ ഗ്രാമസഭയിൽ ഈ വിഷയം അവതരിപ്പിച്ചതിന്റെ ഭാഗമായാണ് ആധുനിക യന്ത്രം പഞ്ചായത്ത് വാങ്ങിയത്.

ജില്ലയിൽ ആധുനിക യന്ത്രം ആദ്യമായി എളവള്ളിയിലാണ് വാങ്ങുന്നത്. ഗ്രാമപഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതി പ്രകാരമാണ് യന്ത്രം വാങ്ങിയത്.8 അടി ഉയരമുള്ള യന്ത്രത്തിൽ അനായാസമായി കന്നുകാലികളെ ഉയർത്തുന്നതിനുള്ള സൗകര്യമുണ്ട്.

ക്ഷീരകർഷകർക്ക് ആവശ്യ ഘട്ടങ്ങളിൽ വാർഡ് മെമ്പർമാരുടെ അനുമതിയോടെ യന്ത്രം സൗജന്യമായി കൊണ്ടുപോയി ഉപയോഗിക്കാമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിയോ ഫോക്സ് പറഞ്ഞു. ജനപ്രതിനിധികളായ ബിന്ദു പ്രദീപ്, കെഡി വിഷ്ണു, എൻബി ജയ, ടിസി മോഹനൻ, വെറ്ററിനറി ഡോക്ടർ സിബി അജിത്കുമാർ എന്നിവർ യന്ത്രം സന്ദർശിച്ചു.