*മലപ്പുറം ജില്ലയിലെ എംഎൽഎമാരുടെ പ്രത്യേക യോഗം ചേർന്നു

മലപ്പുറം ജില്ലയിലെ മീസൽസ് അഥവാ അഞ്ചാംപനി പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റേയും ഫിഷറീസ്, കായിക വകുപ്പ് മന്ത്രി വി.അബ്ദു റഹിമാന്റേയും അധ്യക്ഷതയിൽ മലപ്പുറം ജില്ലയിലെ എംഎൽഎമാരുടെ പ്രത്യേക യോഗം ചേർന്നു. ആരോഗ്യ വകുപ്പ് ചെയ്യുന്ന അഞ്ചാംപനി പ്രതിരോധ പ്രവർത്തനങ്ങൾ മന്ത്രി വീണാ ജോർജ് വിശദീകരിച്ചു. അഞ്ചാംപനിയ്ക്കെതിരെയുള്ള ഏറ്റവും വലിയ പ്രതിരോധമാണ് വാക്സിനേഷൻ. അതിനാൽ വാക്സിനേഷൻ വിമുഖതയകറ്റാൻ ജനപ്രതിനിധികൾ നേതൃത്വം നൽകണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു. അഞ്ചാംപനി പ്രതിരോധത്തിൽ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് മന്ത്രി വി. അബ്ദു റഹിമാൻ പറഞ്ഞു.

ജനപ്രതിനിധികളുടെ പിന്തുണയോടെ വാക്സിനേഷൻ കൂടുതൽ ശക്തിപ്പെടുത്താൻ യോഗം തീരുമാനിച്ചു. 5 വയസിന് താഴെയുള്ള എല്ലാ കുട്ടികളും വാക്സിനേഷൻ എടുത്തെന്ന് ഉറപ്പ് വരുത്തണം. വാർഡ് മെമ്പർമാരെ ഉൾപ്പെടുത്തി വാക്സിനേഷൻ ത്വരിതപ്പെടുത്തും. സബ് സെന്റർ, വാർഡ് തലത്തിൽ പ്രവർത്തനങ്ങൾ കൂട്ടേണ്ടതാണ്. മൊബൈൽ വാക്സിനേഷൻ ടീമിന്റെ സഹകരണത്തോടെ സ്‌കൂൾ, അങ്കണവാടി തലത്തിൽ വാക്‌സിനേഷൻ പ്രവർത്തനങ്ങൾ നടത്തും. വിറ്റാമിൻ എയുടേയും വാക്സിന്റേയും ലഭ്യത ഉറപ്പ് വരുത്തണം. ജില്ലയിൽ അവബോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതാണ്.

മലപ്പുറത്ത് അഞ്ചാംപനി റിപ്പോർട്ട് ചെയ്തപ്പോൾ തന്നെ ജില്ലയ്ക്ക് ജാഗ്രതാ നിർദേശവും സംസ്ഥാനത്ത് നിരീക്ഷണമൊരുക്കാനുള്ള നിർദേശവും നൽകിയിരുന്നു. കൂടാതെ മെഡിക്കൽ ഓഫീസർമാരുടെ യോഗത്തിലും പ്രത്യേകമായി അവലോകനം ചെയ്തിരുന്നു. ആരോഗ്യ വകുപ്പ് ഉന്നതോദ്യോഗസ്ഥർ ജില്ലയിൽ ക്യാമ്പ് ചെയ്ത് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്നു.

അഞ്ചാംപനി പ്രധാനമായും ബാധിക്കുന്നത് കുട്ടികളെയാണ്. മീസൽസ്, റുബല്ല അഥവാ എംആർ വാക്സിൻ നൽകുന്നതിലൂടെ രോഗത്തിനെ പ്രതിരോധിക്കാൻ കഴിയും. അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്കാണ് സാധാരണ എംആർ വാക്സിൻ നൽകുന്നത്. കുട്ടിയുടെ ഒമ്പതാം മാസം കഴിഞ്ഞാലുടൻ ആദ്യ ഡോസ് എംആർ വാക്സിനും പതിനാറാം മാസം കഴിഞ്ഞാലുടൻ രണ്ടാം ഡോസും നൽകണം. എന്തെങ്കിലും കാരണത്താൽ ഏതെങ്കിലും ഒരു ഡോസ് എടുക്കാത്ത കുട്ടികൾക്ക് 5 വയസുവരെ വാക്സിൻ എടുക്കാം. ജില്ലയിൽ മതിയായ എംആർ വാക്സിനും വിറ്റാമിൻ എ സിറപ്പും ലഭ്യമാക്കിയിട്ടുണ്ട്. എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും ഈ വാക്സിൻ സൗജന്യമായി ലഭ്യമാണ്.