വയനാടിൻ്റെ തനത് ഗോത്രതാളവും ചുവടുമായി മൂന്ന് ദിവസം എൻ ഊരിനെ ഉത്സവ ലഹരിയിലാക്കിയ ‘ഞങ്ങ’ ഗോത്രോത്സവം സമാപിച്ചു. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് – വയനാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തിലാണ് ത്രിദിന ‘ഞങ്ങ’ ഗോത്രവര്‍ഗ കലോത്സവം നടന്നത്.

കണിയാമ്പറ്റ എം.ആര്‍.എസ്. വിദ്യാര്‍ത്ഥികളുടെ പരമ്പരാഗത നൃത്തം, നാടന്‍പാട്ട്, തൃശ്ശിലേരി പി.കെ കാളന്‍ സ്മാരക ഗ്രോത്രകലയുടെ ഗദ്ദിക, നാടൻ പാട്ട് എന്നിവയാണ് ഗോത്രാത്സവത്തിൻ്റെ ആദ്യദിനം അരങ്ങ് വാണത്. ഗോത്ര ചിത്ര പ്രദർശനം, ഡോക്യുമെന്ററി പ്രദർശനം എന്നിവ ഗോത്രോസവത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ചു.
ഗോത്രോസവത്തിൻ്റെ രണ്ടാം ദിനം നടത്തിയ കൽപ്പറ്റ ഉണര്‍വിന്റെ നാടന്‍ പാട്ടുകളും ദൃശ്യാവിഷ്കാരവും, നല്ലൂര്‍നാട് എം.ആര്‍.എസ്. വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും കളിമൺ ശിൽപ്പശാലയും എൻ ഊരിൻ്റെ മനം കവർന്നു. ജില്ലയിലെ പ്രമുഖ ചിത്രകാരൻമാർ പങ്കെടുത്ത ചിത്രകലാ ക്യാമ്പ്, കല്‍പ്പറ്റ നന്തുണി മ്യൂസിക്സിന്റെ നാടന്‍ പാട്ട്, വട്ടക്കളി, തുടി, തെയ്യം തുടങ്ങിയ കലാപ്രകടനങ്ങളോടെയാണ് ഞങ്ങ ഗോത്രോസ് വ ത്തിന് തിരശ്ശീല വീണത്. പൂക്കോട് എം.ആര്‍.എസ്. വിദ്യാര്‍ത്ഥികൾ നടത്തിയ കലാപരിപാടികളും ഗോത്രോത്സവത്തിൻ്റെ സമാപന ദിവസത്തെ വേറിട്ടതാക്കി.