കൊച്ചി: പ്രളയത്തെ തുടര്‍ന്നുണ്ടായ നഷ്ടങ്ങള്‍ നേരിടുന്നതിന് മാനസികമായ ധൈര്യവും ആത്മവിശ്വാസവും ദുരിതബാധിത പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കൗണ്‍സിലിങ്ങ് സംവിധാനമൊരുക്കി  ജില്ലാ സാമൂഹിക നീതി വകുപ്പ്. വെള്ളം ഇറങ്ങിയതുമൂലം വീടുകളിലേക്ക് തിരിച്ചു പോകുന്ന ആളുകള്‍ക്ക് സംഭവിച്ച നഷ്ടങ്ങളെ മാനസികമായി നേരിടാന്‍ ആവശ്യമായ കൗണ്‍സിലിങ്ങാണ് സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍, ഒബിസി കൗണ്‍സിലര്‍മാര്‍, സൂപ്പര്‍വൈസര്‍മാര്‍ എന്നിവര്‍ മുഖേന വകുപ്പ് നല്‍കുന്നത്.
ഇതിന്റെ ഭാഗമായി 164 ടീമുകള്‍ അടങ്ങുന്ന സംഘം പ്രളയബാധിത പ്രദേശങ്ങളിലെ അഞ്ഞൂറോളം ക്യാമ്പുകള്‍ സന്ദര്‍ശിച്ച് ആവശ്യമായ കൗണ്‍സിലിങ്ങ് നല്‍കി. കൂടാതെ ദുരിതമനുഭവിക്കുന്നവരുടെ വീടുകള്‍ സന്ദര്‍ശിക്കുകയും വീടുകള്‍ വൃത്തിയാക്കുമ്പോള്‍ പാലിക്കേണ്ട ശുചീകരണ നടപടികളെക്കുറിച്ച് ബോധവല്‍ക്കരണവും സാമൂഹികനീതി വകുപ്പിന് കീഴില്‍ നടന്നുവരുന്നു. വിവിധ സംഘങ്ങള്‍ അടങ്ങുന്ന ടീം ഇതിനോടകം ആയിരത്തിലേറെ വീടുകള്‍ സന്ദര്‍ശിക്കുകയും മാനസിക പിരിമുറുക്കം അനുഭവിക്കുന്നവര്‍ക്ക് പ്രശ്‌നങ്ങളെ നേരിടാനുള്ള കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു.
പ്രായമായവര്‍, കുട്ടികള്‍, സ്ത്രീകള്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്, ഭിന്നശേഷിക്കാര്‍, വികലാംഗര്‍ എന്നിങ്ങനെ തരംതിരിച്ചാണ് ഓരോ വിഭാഗത്തിനും  കൗണ്‍സിലിങ്ങ് നല്‍കുന്നത്. നിരാശ, ആത്മഹത്യാപ്രവണത, മാനസിക പ്രശ്‌നങ്ങള്‍,  പ്രശ്‌നങ്ങളില്‍ നിന്ന് ഒളിച്ചോടല്‍, ആകാംക്ഷ, വിഷാദം എന്നിങ്ങനെ വിവിധയിനം പ്രശ്‌നങ്ങളാണ് ക്യാമ്പുകളിലും വീടുകളിലും താമസിക്കുന്നവരില്‍   കണ്ടെത്തിയത്. 2644 കേസുകളാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൂടാതെ സ്‌റ്റേഷന്‍ ട്രീറ്റ്‌മെന്റ് ആവശ്യമായ കേസുകള്‍ അതത് ഡിപ്പാര്‍ട്ട്‌മെന്റിലേക്കും കൈമാറിയിട്ടുണ്ട്. 429 കേസുകളാണ് സൈക്കോ സോഷ്യല്‍ തെറാപ്പി ആവശ്യമായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കൗണ്‍സിലിംഗ് കൂടാതെ ക്യാമ്പുകളിലേക്ക്   അവശ്യസാധനങ്ങളുടെ വിതരണവും സാമൂഹികനീതി വകുപ്പിന് കീഴില്‍ നടത്തുന്നുണ്ട്. ശിശുക്കള്‍ക്ക് ആവശ്യമായ ടി എച്ച് ആര്‍ അമൃതംപൊടി എല്ലാ ക്യാമ്പുകളിലും ആവശ്യാനുസരണം എത്തിച്ചു. കൂടാതെ അങ്കണവാടിയില്‍ സൂക്ഷിച്ചിരുന്ന ഭക്ഷണസാധനങ്ങള്‍, കാലാവധി തീരാത്ത മരുന്നുകള്‍ എന്നിവ ദുരിതാശ്വാസക്യാമ്പുകളിലെ ആവശ്യത്തിനനുസരിച്ച് വിതരണം ചെയ്തിട്ടുണ്ട്. പ്രളയബാധിത പ്രദേശങ്ങളിലെ ആളുകള്‍ സാധാരണ ജീവിതത്തിലേക്ക് തിരികെ എത്തുന്നതുവരെ കൗണ്‍സിലും പരിപാടികളും ബോധവല്‍ക്കരണ പരിപാടികളും സാമൂഹികനീതി വകുപ്പിന് കീഴില്‍ തുടരും.