കൊച്ചി: ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നു മടങ്ങുന്നവര്‍ക്കും പ്രളയബാധിത മേഖലയിലുള്ളവര്‍ക്കും ജില്ല ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ കിറ്റുകളുടെ വിതരണം പുരോഗമിക്കുന്നു. ഇതുവരെ 50558 കിറ്റുകളാണ് വിതരണം ചെയ്തത്. തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിലെ ഔദ്യോഗിക ശേഖരണ കേന്ദ്രത്തിലാണ് കിറ്റുകള്‍ തയാറാക്കുന്നത്. പ്രളയം ഏറ്റവും രൂക്ഷമായി ബാധിച്ച പറവൂര്‍ മേഖലയില്‍ മാത്രം 28683 കിറ്റുകളാണ് വിതരണം ചെയ്തത്. അരി, പഞ്ചസാര, ചെറുപയര്‍, വെളിച്ചെണ്ണ, ബക്കറ്റ്, സോപ്പ് തുടങ്ങി 22 അവശ്യസാധനങ്ങളാണ് കിറ്റിലുള്ളത്. കുടുംബശ്രീ, ആശ പ്രവര്‍ത്തകര്‍, കോളേജ് വിദ്യാര്‍ഥികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ അടക്കം 400 ഓളം വൊളന്റിയര്‍മാരാണ് കിറ്റുകള്‍ തയാറാക്കുന്നത്.
