കൊച്ചി: ജില്ലയിലെ ഭൂരിഭാഗം ഗ്രാമ പഞ്ചായത്ത് ഓഫീസുകളുടേയും  പ്രവര്‍ത്തനങ്ങളുടെയും താളം തെറ്റിച്ച പ്രളയത്തെ അതിജീവിച്ച് മുഴുവന്‍ ഗ്രാമ  പഞ്ചായത്തുകളുടേയും പ്രവര്‍ത്തനം പുന:രാരംഭിച്ചതായി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കെ. വി. മാലതി അറിയിച്ചു. വെള്ളം കയറിയതു മൂലം ഫ്രണ്ട് ഓഫീസ് സജ്ജീകരണങ്ങള്‍ പൂര്‍ണ്ണമായും തകരാറിലായ  ചേരാനല്ലൂര്‍, ചേന്ദമംഗലം, വടക്കേക്കര, ചിറ്റാറ്റുകര, പുത്തന്‍വേലിക്കര, ഒക്കല്‍, കാലടി എന്നീ ഗ്രാമ പഞ്ചായത്തുകളില്‍ പോലും വസ്തുനികുതി, തൊഴില്‍ നികുതി അടക്കമുള്ള നികുതികളും, ലൈസന്‍സ് ഫീ, പെര്‍മിറ്റ് ഫീ എന്നിവയും സ്വീകരിക്കുന്നതിന് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. കമ്പ്യൂട്ടറുകളുടെ പ്രവര്‍ത്തനം പൂര്‍വ്വസ്ഥിതിയിലാക്കുന്നതിനും വിവരങ്ങളുടെ വീണ്ടെടുപ്പിനുമായി ടെക്‌നിക്കല്‍ അസിസ്റ്റന്റുമാരുടെ ഗ്രൂപ്പ് രൂപീകരിച്ച് പ്രവര്‍ത്തിച്ച് വരുന്നതായും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.