പാമ്പാടുംപാറ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ആശാ പ്രവര്‍ത്തകര്‍ക്കുള്ള ഒമ്പതാം മൊഡ്യൂള്‍ ബ്ലോക്ക്തല പരിശീലനത്തിന് തുടക്കമായി. നാല് ദിവസം നീണ്ടു നില്‍ക്കുന്ന പരിശീലന പരിപാടി നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ടി. കുഞ്ഞ് ഉദ്ഘാടനം ചെയ്തു. കരുണാപുരം, നെടുങ്കണ്ടം, ഉടുമ്പഞ്ചോല, പാമ്പാടുംപാറ തുടങ്ങിയ ഗ്രാമപഞ്ചായത്തുകളില്‍ നിന്ന് 79 ആശാപ്രവര്‍ത്തകരാണ് പരിശീലനത്തില്‍ പങ്കെടുക്കുന്നത്.

കേരളത്തിന്റെ പൊതുജനാരോഗ്യ നാള്‍വഴികള്‍, ആരോഗ്യ പ്രവര്‍ത്തനങ്ങളില്‍ ആശപ്രവര്‍ത്തകരുടെ ഉത്തരവാദിത്വം, പുതിയ കാലത്തെ പകര്‍ച്ചവ്യാധികള്‍, ദുരന്തനിവാരണം, ആരോഗ്യ ഇന്‍ഷുറന്‍സ്, ഏകാരോഗ്യം, നൂതന പ്രവര്‍ത്തനങ്ങള്‍, മുതിര്‍ന്ന പൗരന്‍മാരുടെ ആരോഗ്യം, ഇ സഞ്ജീവിനി, ടെലിമെഡിസിന്‍ തുടങ്ങിയ വിഷയങ്ങളിലാണ് പരിശീലനം. മലമ്പനി ദിനാചരണത്തിന്റെ ഭാഗമായി ഹൈസ്‌കൂള്‍ കുട്ടികള്‍ക്ക് സംഘടിപ്പിച്ച മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയ കുട്ടികള്‍ക്കുള്ള സമ്മാന ദാനവും പരിപാടിയില്‍ നടത്തി.

നെടുങ്കണ്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശോഭന വിജയന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കരുണാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി പ്രിന്‍സ്, പഞ്ചായത്ത് അംഗങ്ങള്‍, ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ സാബു വി., ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തമന ഭായ്, ആരോഗ്യ കേരളം പി. ആര്‍. ഒ. ജോബി ജോസഫ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ആര്‍. സന്തോഷ്, പ്രദീപ് എം. കൃഷ്ണന്‍, ശശി പ്രസാദ്, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.