കൊച്ചി: വ്യവസായ പരിശീലന വകുപ്പിന്റെ കീഴിലുള്ള ഐറ്റിഐകളും ഹരിതകേരളം മിഷനും ചേര്‍ന്ന് ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളില്‍ നൈപുണ്യകര്‍മസേനകള്‍ വഴി നടപ്പാക്കുന്ന റിപ്പയറിംഗ് വര്‍ക്കുകള്‍ക്കായി ഒഡീഷ സംഘവും. ഒഡീഷയില്‍ നിന്നുള്ള 25 പേരുടെ സംഘമാണ് ജില്ലയിലെത്തിയിരിക്കുന്നത്. ഇന്നലെ (30.08.18) ആലുവ റെയില്‍വേ സ്റ്റേഷനിലെത്തിയ ഒഡീഷ സംഘത്തെ നൈപുണ്യ കര്‍മ്മസേനയുടെ നോഡല്‍ ഓഫീസര്‍ പി.കെ. രഘുനാഥന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു.
ഇന്നുമുതല്‍ (1.08.18) സംഘം വിവിധ പഞ്ചായത്തുകളില്‍ റിപ്പയറിങ് വര്‍ക്കുകള്‍ ആരംഭിക്കും. പ്രളയം മൂലം റെഡ് സോണില്‍ ഉള്‍പ്പെട്ട വടക്കേക്കര പഞ്ചായത്താണ് ആദ്യ ലക്ഷ്യം. രാവിലെ 9 മണി മുതല്‍ ജോലികള്‍ ആരംഭിക്കും. പ്ലംബിങ്, ഇലക്ട്രിക്കല്‍ വര്‍ക്കുകള്‍, മരപ്പണി, വെല്‍ഡിങ്  എന്നിങ്ങനെയുള്ള  വിവിധ മേഖലകളില്‍ പരിശീലനം ലഭിച്ച സംഘം പഞ്ചായത്തിലെ ഇത്തരം പ്രശ്‌നങ്ങളുള്ള വീടുകളിലെത്തി പ്രശ്‌നം പരിഹരിക്കും. ഒഡിഷയിലെ ഡയറക്ടര്‍ ഓഫ് ട്രെയിനിങ് എംപ്ലോയ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് ആണ് ജില്ലയ്ക്ക് കൈത്താങ്ങാകാന്‍ പ്രത്യേകസംഘത്തെ അയച്ചത്. സെപ്റ്റംബര്‍ 10 വരെ ഇവരുടെ സേവനം ജില്ലയില്‍ ലഭ്യമാകും.
ജില്ലയ്ക്കകത്തും പുറത്തുമുള്ള ഐടിഐയിലെ വിദ്യാര്‍ത്ഥികളും അധ്യാപകരുമായി 250 ഓളം പേര്‍ കളമശ്ശേരി ഐടിഐ കേന്ദ്രീകരിച്ച് ജില്ലാഭരണകൂടത്തിന്റെ നിര്‍ദ്ദേശമനുസരിച്ച് വിവിധ പഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവര്‍ക്കു പുറമേയാണ് ഒഡീഷ സംഘവുമെത്തിയിരിക്കുന്നത്.