കൊച്ചി: ദുരിത ബാധിത വീടുകളില്‍ ആശ്വാസവുമായി എത്തുകയാണ് ഐ.ടി.ഐ വിദ്യാര്‍ത്ഥികള്‍. മൂവാറ്റുപുഴയിലെ ആരക്കുഴ ഗവ: ഐ.ടി.ഐ വിദ്യാര്‍ത്ഥികളാണ് പ്രളയം ദുരന്തം വിതച്ച മൂവാറ്റുപുഴ താലൂക്കിലെ വീടുകള്‍ കയറിയിറങ്ങി ഇലക്ട്രിക്ക് പ്ലംബിങ്ങ് ജോലികള്‍ ചെയ്യുന്നത്. വ്യവസായ വകുപ്പിന്റെ കീഴിലുള്ള ഐ.ടി.ഐ കളും ഹരിത കേരള മിഷനും ചേര്‍ന്നാണ് ജില്ലയില്‍ നൈപുണ്യ കര്‍മ്മ സേനകള്‍ വഴി റിപ്പയറിംഗ് ജോലികള്‍ ചെയ്യുന്നത്.
മൂവാറ്റുപുഴ നഗരസഭയും ആരക്കുഴ ഗവ: ഐ.ടി.ഐ യും സംയുക്തമായാണ് വെള്ളപ്പൊക്കത്തില്‍ തകരാറിലായ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ശരിയാക്കി നല്‍കുന്നത്. വിദ്യാര്‍ത്ഥികളും അധ്യാപകരും അടങ്ങിയ സംഘം വീടുകള്‍ തോറും നേരിട്ടെത്തിയാണ് ഇലക്ട്രിക്ക് പ്ലംബ്ബിങ്ങ് ജോലികള്‍ ചെയ്ത് കൊടുക്കുന്നത്. മിക്ക വീടുകളിലും ടി.വി യും ഫ്രിഡ്ജും വാഷിംഗ് മെഷീനും അടക്കമുള്ള എല്ലാ ഉപകരണങ്ങും തകരാറിലായിരുന്നു. സ്വിച്ച് ബോര്‍ഡുകള്‍ മുഴുവന്‍ വെള്ളം കയറിയ നിലയിലായിരുന്നു. വെള്ളമിറങ്ങി കഴിഞ്ഞ് തിരികെ വീട്ടിലെത്തുന്നവര്‍ക്ക് വൈദ്യുതോപകരണങ്ങളും ബള്‍ബുകളും ഒന്നും തന്നെ പ്രവര്‍ത്തിപ്പിക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു. ഈ അവസരത്തിലാണ് സഹായ ഹസ്തവുമായി ഐ.ടി.ഐ വിദ്യാര്‍ത്ഥികള്‍ വീടുകളില്‍ എത്തുന്നത്. പല വീടുകളിലും സീലിംഗ് ഫാന്‍ അടക്കം കേടായിരുന്നു.
ഇതു വരെ 31 വീടുകളില്‍ ഇലക്ട്രിക്കല്‍ വര്‍ക്കുകള്‍ ചെയ്ത് തീര്‍ത്തു. 11 വീടുകളില്‍ പ്ലംബ്ബിംഗ് ജോലികളും പൂര്‍ത്തിയാക്കി. മൂവാറ്റുപുഴ നഗരസഭയിലെ ആറ്, ഒന്‍പത്, പതിനൊന്ന്, പന്ത്രണ്ട് വാര്‍ഡുകളിലെ വീടുകളിലാണ് റിപ്പയറിംഗ് ജോലികള്‍ ചെയ്തു തീര്‍ത്തത്. പതിനഞ്ച് വിദ്യാര്‍ത്ഥികളും അഞ്ച് അധ്യാപകരും അടങ്ങുന്ന സംഘമാണ് വീടുകള്‍ തോറും സഹായങ്ങള്‍ ചെയ്യുന്നത്. സൗജന്യമായാണ് എല്ലാ ജോലികളും ചെയ്യുന്നതെന്നും ആരക്കുഴ ഗവ: ഐ.ടി.ഐ പ്രിന്‍സിപ്പാള്‍ പി.കെ രാജപ്പന്‍ പറഞ്ഞു. ഇതിന് മുന്‍പും ഇവിടുത്തെ വിദ്യാര്‍ത്ഥികള്‍ ആശുപത്രികള്‍ക്കും വിവിധ സ്ഥാപനങ്ങള്‍ക്കും സൗജന്യമായി റിപ്പയറിംഗ് വര്‍ക്കുകള്‍ ചെയ്ത് കൊടുത്തിട്ടുണ്ട്. പ്രിന്‍സിപ്പള്‍ പി. കെ. രാജപ്പന്‍, അധ്യാപകരായ വാസുദേവന്‍ ടി.വി, റെജി മോന്‍ പി. വി., ബെന്നി കെ.സെബാസ്റ്റ്യന്‍, സിജു കെ ജോസ് എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാര്‍ത്ഥികള്‍ റിപ്പയറിംഗ് നടത്തുന്നത്.
ഇലക്ട്രിക്കല്‍, പ്ലംബ്ബിങ്ങ് ,കാര്‍ പെന്റര്‍, വെല്‍ഡിംഗ്, മെക്കാനിക്കല്‍ മേഖലകളിലെ പരിശീലനം കിട്ടിയ ഐ.ടി.ഐ വിദ്യാര്‍ത്ഥികള്‍, ഇന്‍സ്ട്രക്ടര്‍മാര്‍, അദ്ധ്യാപകര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രളയ ബാധിത പ്രദേശങ്ങളിലെ വീടുകളില്‍ എത്തി കേടുപാടുകള്‍ തീര്‍ത്ത് കൊടുക്കുന്നത്.