കുന്നുമ്മൽ ബ്ലോക്ക്‌ പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തുകളിൽ നടപ്പാക്കുന്ന മികവ് പദ്ധതിക്ക് കുറ്റ്യാടി ഗ്രാമപഞ്ചായത്തിൽ തുടക്കമായി.ശുചിത്വ പദ്ധതിയിൽ ഉൾപ്പെടുത്തിയ കമ്പോസ്റ്റ്, സോക്ക് പിറ്റ്, സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തിയ കാലിത്തൊഴുത്ത്, കോഴിക്കൂട്, അസോള ടാങ്ക്, വർക്ക് ഷെഡ്, അമൃത് സരോവർ പദ്ധതിയിൽ ഉൾപ്പെടുത്തിയ വളയന്നൂർ ചിറ സംരക്ഷണം എന്നീ പ്രവൃത്തികളാണ് പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 59 ലക്ഷം രൂപ ചെലവാണ് പ്രതീക്ഷിക്കുന്നത്.പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ എല്ലാ വീടുകളിലും
കമ്പോസ്റ്റ്, സോക്ക് പിറ്റ് എന്നിവ സൗജന്യമായി നിർമ്മിച്ചു നൽകും.
രണ്ടാം ഘട്ടത്തിൽ കുറ്റ്യാടിയിലെ സ്നേഹതീരം കളിസ്ഥലം 50 ലക്ഷം രൂപ ചെലവിൽ പുനർനിർമ്മിക്കും. പദ്ധതിയുടെ ഭാഗമായി 40 സ്ത്രീ തൊഴിലാളികൾക്ക് വിദഗ്ധ തൊഴിലെടുക്കാനുള്ള പരിശീലനം നൽകിയിട്ടുണ്ട്.

പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ചന്ദ്രി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.മോഹൻദാസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ അംഗങ്ങളായ പി.പി.ചന്ദ്രൻ, രജിത രാജേഷ്, ശോഭ കെ.പി, നിഷ.കെ, വാർഡ് കൺവീനർ പുരുഷു എൻ.പി, എഞ്ചിനീയർ കാർത്തിക എന്നിവർ പങ്കെടുത്തു.