രാജ്യാന്തര മേളയുടെ ഏഴാം ദിനത്തിൽ സ്വപ്നങ്ങളുടേയും പ്രതീക്ഷകളുടേയും കഥ പറയുന്ന ഇന്ത്യന്‍ ചിത്രം കച്ചേയ് ലിംബു ഉൾപ്പടെ 61 ചിത്രങ്ങൾ പ്രദർശിപ്പിക്കും. ലോക സിനിമയിലെ 27ചിത്രങ്ങള്‍ ഉള്‍പ്പടെ  54  സിനിമകളുടെ അവസാന പ്രദർശനവും വ്യാഴാഴ്ച ഉണ്ടാകും.  മൂന്ന് പെൺകുട്ടികളുടെ കഥ പറയുന്ന ഗേള്‍പിക്ചര്‍, ഡാനിഷ് ചിത്രം ഗോഡ് ലാന്‍ഡ്,അല്‍ക്കാരസ്,കൊറിയന്‍ ചിത്രം റൈസ്ബോയ് സ്ലീപ്സ് തുടങ്ങിയ ചിത്രങ്ങൾ നാളത്തെ പ്രദർശനത്തിൽ ഉൾപ്പെടുന്നുണ്ട്.

കൺസേൺഡ് സിറ്റിസൺ, കെർ ,എ പ്ലേസ് ഓഫ് അവർ ഓൺ, ടഗ് ഓഫ് വാർ, ഉതാമ, കൺവീനിയൻസ് സ്റ്റോർ എന്നീ മത്സരചിത്രങ്ങളുടെ അവസാന പ്രദർശനവും വ്യാഴാഴ്ചയാണ് . കിം കി ഡുക്കിന്റെ അവസാന ചിത്രമായ കാൾ ഓഫ് ഗോഡിന്റെ രണ്ടാമത്തെ പ്രദർശനവും വ്യാഴാഴ്ചയാണ്. ഭാര്യയുമായി വേർപിരിഞ്ഞു കഴിയുന്ന സ്വവർഗാനുരാഗിയായ മധ്യവയസ്‌കൻ മകളുമായി ഒന്നിക്കാൻ നടത്തുന്ന ദൗത്യം പ്രമേയമാക്കിയ യു എസ്  ചിത്രം ദി വെയിലിന്റെയും അവസാന പ്രദർശനം വ്യാഴാഴ്ചയാണ്. ഫ്രീഡം ഫൈറ്റ്, 19 (1)(a), ബാക്കി വന്നവർ എന്നീ മലയാളചിത്രങ്ങളുടെ പ്രദർശനവും നാളെയുണ്ടാകും.

ഓസ്കാർ നോമിനേഷൻ കിട്ടിയ ഫ്രഞ്ച് ചിത്രം ക്ലോസ്, മലൗ റെയ്മൺ ചിത്രം അൺറൂളി ,ഇറാനിലെ സാമ്പത്തിക പ്രതിസന്ധിയും പുരുഷാധിപത്യവും ആധാരമാക്കിയ ഇറാനിയൻ ചിത്രം ലൈലാസ് ബ്രദേഴ്സ്, ഇന്റർനെറ്റ് പ്രതിഭാസമായ റൂൾ 34 നെ ആസ്പദമാക്കിയുള്ള ചിത്രം റൂൾ 34, പാം ഡി ഓർ ജേതാവ് റൂബൻ ഓസ്ലൻഡിന്റെ  ആക്ഷേപഹാസ്യചിത്രം ട്രയാങ്കിൾ ഓഫ് സാഡ്നെസ്സ് ,ട്യൂണീഷ്യൻ ചിത്രം ഹർഖ തുടങ്ങിയവയാണ്  വ്യാഴാഴ്ച അവസാന പ്രദർശനത്തിനെത്തുന്ന ലോക സിനിമാ വിഭാഗത്തിലെ പ്രധാന ചിത്രങ്ങൾ.

ആവിഷ്ക്കാര സ്വാതന്ത്ര്യം പ്രമേയമാക്കിയ ഇന്ദു വി. എസ്  ചിത്രം,  പി. പദ്മരാജന്‍റെ ഒരിടത്തൊരു ഫയല്‍വാന്‍ തുടങ്ങിയ മലയാളചിത്രങ്ങളും അല്‍വാരോ ബ്രെക്നര്‍  ചിത്രം എ ട്വല്‍വ് ഇയര്‍ നൈറ്റ് ജൂറി വിഭാഗത്തിലും ഛായാഗ്രാഹകന്‍ സുധീഷ് പപ്പുവിനോടുള്ള ആദരസൂചകമായി രാജീവ് രവി സംവിധാനം ചെയ്ത ഞാന്‍ സ്റ്റീവ് ലോപ്പസ് ഹോമേജ് വിഭാഗത്തിലും പ്രദര്‍ശിപ്പിക്കും.