ഹരിപ്പാട്: കാർത്തികപ്പള്ളി താലൂക്കിന് കീഴിലുള്ള അപ്പർ കുട്ടനാട്ടിലെ പ്രളയ ബാധിത പ്രദേശങ്ങളിലെ ശുചീകരണ പ്രവർത്തനങ്ങൾ രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നു. ഒന്നാം ഘട്ട ശുചീകരണം വ്യാഴാഴ്ച പൂർത്തിയായി. അപ്പർ കുട്ടനാട്ടിലെ 40 ശതമാനം വീടുകളാണ് ഇതുവരെ ശുചിയാക്കിയത്. വീയപുരം, ചെറുതന പ്രദേശങ്ങളിലെ പ്രദേശങ്ങളിൽ ഇപ്പോഴും വെള്ളമുണ്ട്. ഈ പ്രദേശങ്ങളാണ് രണ്ടാം ഘട്ടത്തിലുള്ളത്. ക്യാമ്പുവിടുന്നവർക്കായി 20,000 കിറ്റുകളാണ് കാർത്തികപ്പള്ളി താലൂക്കിൽ മാത്രം തയ്യാറാകുന്നത്. നങ്ങ്യാർകുളങ്ങര ടി.കെ.എം. കോളേജിലാണ് അവശ്യ വസ്തുക്കൾ സംഭരിച്ച് കിറ്റുകളാക്കി മാറ്റുന്നത് . സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 10000 രൂപ സഹായധനവും വിതരണം ചെയ്യുന്നതിനുള്ള വിവര ശേഖരണവും ആരംഭിച്ചു.