മാവേലിക്കര : പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവർക്കായി കറ്റാനത്തുനിന്ന് ഒരു കുഞ്ഞുസഹായം. കുറത്തികാട് പള്ളിയാവട്ടം കന്നിമേൽ തറയിൽ സുനീഷ്-ലേഖ ദമ്പതികളുടെ മകനും കറ്റാനം പോപ് പയസ് സ്‌കൂളിലെ 10-ാം ക്ലാസ് വിദ്യാർത്ഥിയുമായ അഭിജിത്താണ് ദുരിതബാധിതരെ സഹായിക്കാൻ തെരുവുകളിൽ നാടൻ പാട്ട് പാടുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം അയക്കാനാണ് വിദ്യാർഥികളായ അഭിജിത്തും സംഘവും പാട്ടുപാടുന്നത്. അഭിജിത്തിനൊപ്പം സഹോദരി വൈഗയും കൂട്ടുകാരും തെരുവോരങ്ങളിൽ പാടാനുണ്ട്. വാദ്യോപകരണ വിദഗ്ധരും നാടൻ പാട്ടിന് പക്കമേളവുമായി അഭിജിത്തിനൊപ്പമുണ്ട്. ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കുന്നതിനായി ഇതുവരെ നടത്തിയ പരിപാടികളുടെ വാഹനത്തിന്റെയും, മൈക്കിന്റേയും വാടക അഭിജിത്ത് പഠിക്കുന്ന കറ്റാനം പോപ് പയസ് സ്‌ക്കൂളിലെ അധ്യാപകരാണ് വഹിക്കുന്നത്