കൊച്ചി: പ്രളയ ബാധിത പ്രദേശങ്ങളിലെ ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങളുമായി ആരോഗ്യ വകുപ്പ്. ജനങ്ങളിലേക്ക് കൂടുതല്‍ അടുത്ത് പ്രവര്‍ത്തിക്കാനും ശാരീരികവും മാനസികവുമായ കരുത്ത് പകരുന്നതിനുമായുള്ള കര്‍മ്മ പദ്ധതികള്‍ വകുപ്പ് തയാറാക്കി കഴിഞ്ഞു . ആദ്യഘട്ടമെന്ന നിലയില്‍ വെള്ളപ്പൊക്കം കൂടുതലായി ബാധിച്ച 42 പഞ്ചായത്തുകളിലും 8 നഗരസഭകളിലുമുള്ള സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ താത്കാലിക ക്ലിനിക്കുകളുടെ പ്രവര്‍ത്തനം  ഇന്നു തുടങ്ങും. ഒന്നിലധികം സേവനകേന്ദ്രങ്ങളില്‍ ഈ താത്കാലിക ക്ലിനിക്കുകളുടെ സേവനം ലഭിക്കും. പ്രദേശങ്ങ്‌ളിലെ ജനങ്ങളുടെ മാനസിക ആരോഗ്യം, കിടപ്പു രോഗികളുടെ ശ്രദ്ധ, ജീവിതശൈലീ രോഗങ്ങളുള്ളവര്‍ക്കുള്ള ചികിത്സ എന്നിവയും ജീവനക്കാര്‍ നേരിട്ടെത്തി പരിശോധിക്കും. ഇതിനു വേണ്ടി കൂടുതല്‍ ജീവനക്കാരെ ഉള്‍പ്പെടുുത്തി വകുപ്പ് വിപുലമാക്കിയതായി ജില്ലാ ആരോഗ്യ വകുപ്പ് അറിയിച്ചു.
നിലവിലെ ഡോക്ടര്‍ക്ക് പുറമെയാണ് അധിക ഡോക്ടറും നഴ്‌സും ഉണ്ടാകുക.. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കാനും കൂടുതല്‍ ജനങ്ങള്‍ക്ക് ചികിത്സ ഉറപ്പുവരുത്താനുമാണ് അധിക ക്ലിനിക്ക് പ്രവര്‍ത്തിക്കുന്നത്. ജനങ്ങള്‍ക്ക് ആശുപത്രിയില്‍ എത്തിപ്പെടാന്‍ പറ്റാത്ത ഇടങ്ങളില്‍ നേരിട്ടെത്തി മൊബൈല്‍ ക്ലിനിക്കുകളായും പ്രവര്‍ത്തിക്കും. ജനറല്‍ ഒപിയില്‍ ലഭിക്കുന്ന സേവനങ്ങള്‍ ലഭിക്കും.
കിടപ്പു രോഗികള്‍ക്കുള്ള ആശ്വാസമായി മുഴുവന്‍ രോഗികളെയും പാലിയേറ്റീവ് നഴ്‌സുമാര്‍ സന്ദര്‍ശിച്ച് സാന്ത്വന പരിചരണം നല്‍കും. ഒരു കമ്മ്യൂണിറ്റി നഴ്‌സും ഇവരോടൊപ്പം ഉണ്ടാകും. രണ്ടു പേര്‍ ഉള്‍പ്പെടുന്ന 85 ടീം ഇതിനോടകം പ്രവര്‍ത്തനം തുടങ്ങി കഴിഞ്ഞു.  ഇതോടൊപ്പം ജീവിത ശൈലീ രോഗികളുടെ യും ക്ഷയരോഗബാധിതരുടെയും കുഷ്ഠരോഗബാധിതരുടെയും തുടര്‍ചികിത്സയുമായി ബന്ധപ്പെട്ട കാര്യങ്ങളും പരിഗണിക്കും. എന്തെങ്കിലും കാരണവശാല്‍ മരുന്ന് മുടങ്ങുകയോ, നഷ്ടപ്പെടുകയോ ചെയ്തവര്‍ക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍വഴി വേണ്ട നടപടികള്‍ സ്വീകരിക്കും.
രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളും വകുപ്പ് ഊര്‍ജിതമാക്കി. ഇതിനായി 800 ഫീല്‍ഡ് സ്റ്റാഫുകളാണ് ഉള്ളത്. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി 72 ജൂനിയര്‍ ഹെല്‍ത് ഇന്‍സ്‌പെക്ടര്‍മാരും ഉണ്ട്. രണ്ടു പേര്‍ വീതം 40 മുതല്‍ 50 വീടുകള്‍ വരെ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തും. പനി, വയറിളക്കം മറ്റു രോഗങ്ങള്‍ ഉള്ളവര്‍ എന്നിവരുടെ വിവരങ്ങള്‍ ശേഖരിക്കും. പകര്‍ച്ചാവ്യാധി നിയന്ത്രണമാണ് ലക്ഷ്യം.
ഇതു കൂടാതെ കമ്മ്യൂണിറ്റി മെന്റല്‍ ഹെല്‍ത് വിഭാഗത്തിന്റെ രണ്ട് ടീമുകളുടെ സേവനവും ജനങ്ങള്‍ക്ക് നല്‍കും. പ്രളയ ദുരിതത്തെ തുടര്‍ന്ന് മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്നവരെ സഹായിക്കുകയാണ് ലക്ഷ്യം. ഇതില്‍ സൈക്കോളജിസ്റ്റിന്റെയും സോഷ്യല്‍ വര്‍ക്കറുടെയും സേവനം ലഭിക്കും. പ്രദേശത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ വഴിയാണ് മുഴുവന്‍ സേവനങ്ങളും ജനങ്ങളിലേക്കെത്തിക്കുന്നത്.