ഹാരിസണ്‍സ് മലയാളം ലിമിറ്റഡ് സ്ട്രാറ്റജിക് ബിസിനസ് യൂണിറ്റ് (ബി) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒമ്പതുലക്ഷം രൂപ കൈമാറി. പ്രസിഡന്റ് വി. വിനയരാഘവന്‍, ബിസിനസ് ഹെഡ് ചെറിയാന്‍ എം. ജോര്‍ജ് എന്നിവര്‍ വ്യാഴാഴ്ച വൈകീട്ട് കളക്ടറേറ്റിലെത്തി ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാറിന് തുക കൈമാറി്. കൂടാതെ എച്ച്.എം.എല്‍ പ്രസിഡന്റ് വി. വിനയരാഘവന്‍ ഒരു ലക്ഷം രൂപയും നല്‍കി. ട്രേഡ് യൂനിയന്‍ നേതാക്കളായ പി. ഗഗാറിന്‍, യു. കരുണന്‍ (സിഐടിയു), എന്‍. വേണുഗോപാല്‍ (പിഎല്‍സി), പി.ആര്‍ സുരേഷ് (ബിഎംഎസ്), പി.വി കുഞ്ഞുമുഹമ്മദ് (എസ്ടിയു), ബി. സുരേഷ് ബാബു (ഐഎന്‍ടിയുസി), വി. യൂസഫ് (എഐടിയുസി), എച്ച്എംഎല്‍ പ്രതിനിധികള്‍, സ്റ്റാഫ് എക്‌സിക്യൂട്ടീവ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഇതിനു പുറമെ പൊഴുതന, വൈത്തിരി പഞ്ചായത്തുകളിലെ ദുരിതബാധിതര്‍ക്കായി ഒരുലക്ഷം വീതവും മൂപ്പൈനാട്, മേപ്പാടി പഞ്ചായത്തുകളിലുള്ളവര്‍ക്കായി 50,000 രൂപ വീതവും അതാത് എസ്റ്റേറ്റ് മാനേജര്‍മാര്‍ നേരത്തെ ബന്ധപ്പെട്ട പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് കൈമാറിയിരുന്നു.
സുല്‍ത്താന്‍ ബത്തേരി താലൂക്ക് എന്‍.എസ്.എസ് യൂണിയന്‍ വിവിധ കരയോഗങ്ങളില്‍ നിന്നു സമാഹരിച്ച ഒരുലക്ഷം രൂപയും ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. പ്രസിഡന്റ് പി.സി ജയരാജ്, എം.ജി പത്മനാഭന്‍ നായര്‍, പി.കെ മാധവന്‍ നായര്‍, കെ.എന്‍ മുരളീധരന്‍, ടി.പി രവീന്ദ്രന്‍ നായര്‍, പി.കെ രാമചന്ദ്രന്‍, ബി. അഭിലാഷ്, സി.എന്‍ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് തുക ജില്ലാ കളക്ടര്‍ക്ക് കൈമാറിയത്.