പാലക്കാട് – കോഴിക്കോട് ഗ്രീന്‍ ഫീല്‍ഡ് ഹൈവേ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് സ്ഥല ഉടമകള്‍ക്കുള്ള ആശങ്കകള്‍ പരിഹരിക്കുന്നതിന് ഇടപെടല്‍ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പ് നല്‍കി. എം.എല്‍.എമാര്‍ മുഖ്യമന്ത്രിയെ കണ്ട് നടത്തിയ ചര്‍ച്ചയില്‍ ഈ വിഷയത്തില്‍ ബന്ധപ്പെട്ടവരുമായി സംസാരിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയത്.

ടി.വി. ഇബ്രാഹീം, എ.പി.അനില്‍ കുമാര്‍, എന്‍.ഷംസുദ്ദീന്‍, അഡ്വ.യു.എ.ലത്തീഫ് എന്നീ എം.എല്‍.എ.മാരാണ് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയത് കോഴിക്കോട് – മലപ്പുറം – പാലക്കാട് ജില്ലകളിലായി ഏറ്റെടുക്കുന്ന 547 ഹെക്ടര്‍ ഭൂമിയില്‍ 485 ഹെക്ടറും കൃഷി ഭൂമിയാണെന്നും, അത് കൊണ്ട് കാര്‍ഷിക വിളകള്‍ക്ക് ആയുസ് കണക്കാക്കി നഷ്ടപരിഹാരം നല്‍കുക, ഭൂമി, വീട് കെട്ടിടം എന്നിവ ഭാഗികമായി എടുക്കാതെ മുഴുവനായി എടുക്കുക, നഷ്ടപരിഹാരത്തിന് പ്രത്യേക പാക്കേജ് അനുവദിക്കുക തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും നിവേദനത്തില്‍ എം.എല്‍.എ മാര്‍ ഉന്നയിച്ചത്.

ആവശ്യങ്ങള്‍ അനുഭാവ പൂര്‍വം ചര്‍ച്ച ചെയ്യാമെന്നും മന്ത്രി തലത്തിലും ഹൈവേ അതോറിട്ടിയും കേന്ദ്ര സര്‍ക്കാര്‍ എന്നിവിടങ്ങളില്‍ വിഷയം അവതരിപ്പിക്കാമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി. നേരത്തെ റവന്യൂ വകുപ്പ് മന്ത്രിയുമായും എം.എല്‍.എ. മാര്‍ വിഷയം ചര്‍ച ചെയ്തിരുന്നു. 2013 ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം കെട്ടിടങ്ങള്‍ക്കും വീടുകള്‍ക്കും നഗര പ്രദേശങ്ങളിലും ഉയര്‍ന്ന വില ലഭിക്കുമെങ്കിലും ഗ്രാമ പ്രദേശങ്ങളില്‍ ഫെയര്‍വാല്യൂ കുറവുള്ളതും, ആധാരത്തില്‍ വില കുറവ് ഉള്ളതും കാരണം നഷ്ടപരിഹാരം ചുരുങ്ങും എന്ന സ്ഥലവാസികളുടെ ആശങ്കയെ തുടര്‍ന്നാണ് എം.എല്‍.എ മാര്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയത്.