വ്യാജമദ്യ നിർമ്മാണം, കടത്ത് വിതരണം എന്നിവ തടയുന്നതിനായി രൂപീകരിച്ച ജില്ലാതല ജനകീയ കമ്മിറ്റിയുടെ യോഗം ഡി.ഡി.സി എം എസ് മാധവിക്കുട്ടിയുടെ അധ്യക്ഷതയിൽ കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്നു.

മദ്യം,മയക്കുമരുന്ന് എന്നിവയുടെ ഉപയോഗത്തിനെതിരെ ജില്ലയിൽ നടത്തിയ പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി. രാഷ്ട്രീയ പാർട്ടികൾ, വിവിധ സംഘടനകൾ, മാധ്യമങ്ങൾ തുടങ്ങിയവർ മദ്യം,മയക്കുമരുന്ന് എന്നിവയ്ക്കെതിരെ മികച്ച പ്രവർത്തനം നടത്തിയതായി യോഗം വിലയിരുത്തി.

താലൂക്ക്, പഞ്ചായത്ത്‌, സ്കൂൾ തലത്തിൽ യോഗം വിളിച്ചുചേർക്കാനും എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ചുകൊണ്ട് പ്രവർത്തനം ശക്തിപ്പെടുത്താനും യോഗത്തിൽ തീരുമാനിച്ചു.

വിദ്യാർത്ഥികൾക്കിടയിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ സ്കൂളുകളിൽ പിടിഎ/ എംപിടിഎ എന്നിവയുടെ സഹായത്തോടെ സംഘടിത ഇടപെടലുകൾ നടത്താൻ യോഗത്തിൽ നിർദേശിച്ചു. റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, സ്കൂൾ പരിസരം എന്നിവിടങ്ങളിൽ പരിശോധന നടത്താനും ടൂറിസ്റ്റ് ബസുകളിലും നാഷണൽ പെർമിറ്റ് ലോറികളിലും ലഹരി വസ്തുക്കൾ കടത്തുന്നത് സംബന്ധിച്ച് പരിശോധന നടത്താനും യോഗത്തിൽ തീരുമാനിച്ചു.

ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ വി രാജേന്ദ്രൻ, വിമുക്തിയുടെ മാനേജരായ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ ബെഞ്ചമിൻ, സി ഐമാരായ ശരത് ബാബു, ഗിരീഷ് കുമാർ, ലാലു പി ആർ, കൊയിലാണ്ടി എക്‌സൈസ് ഇൻസ്‌പെക്ടർ ബിജു കുമാർ, ബാലുശ്ശേരി എക്‌സൈസ് ഇൻസ്‌പെക്ടർ ഒ ബി ഗണേഷ്, ബ്ലോക്ക്‌ -പഞ്ചായത്ത്‌ പ്രസിഡന്റുമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ക്ലബ്‌ ഭാരവാഹികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.