കുറ്റ്യാടി മണ്ഡലത്തിലെ 6 ഇടങ്ങളിൽ വൈദ്യുത വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനുള്ള സ്റ്റേഷനുകൾ സ്ഥാപിക്കാൻ സംവിധാനങ്ങൾ ഏർപ്പെടുത്തിയതായി വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി നിയമസഭയെ അറിയിച്ചു. ആയഞ്ചേരി നാളോം കൊറോൾ, ആയഞ്ചേരി തെരു, തീക്കുനി, അരൂർ, ചേരാപുരം, കക്കട്ട് ടൗൺ എന്നിവിടങ്ങളിലാണ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നത്.
വർധിച്ചുവരുന്ന ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം കണക്കിലെടുത്ത് അടുത്തഘട്ടത്തിൽ പുതിയ ചാർജിങ് സ്റ്റേഷനുകൾ നിർമ്മിക്കുവാനുള്ള പദ്ധതി നടന്നുവരികയാണ്. അനർട്ടിന്റെ പദ്ധതി പ്രകാരം ആദ്യഘട്ടത്തിൽ ദേശീയപാത, സ്റ്റേറ്റ് ഹൈവേ എന്നീ പ്രധാന റോഡുകൾക്ക് സമീപം ഏകദേശം 50 കിലോമീറ്റർ ദൂര വ്യത്യാസത്തിൽ ഇലക്ട്രിക് വാഹനങ്ങൾക്കായി ഓരോ ഫാസ്റ്റ് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്നും കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എംഎൽഎയുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി നിയമസഭയെ അറിയിച്ചു.