മറ്റത്തൂർ ഗ്രാമപഞ്ചായത്തും കിലയും സംയുക്തമായി ‘ജെന്റർ സ്റ്റാറ്റസ് സ്‌റ്റഡി’ ത്രിദിന പരിശീലനം സംഘടിപ്പിച്ചു. പഞ്ചായത്ത് എം എം ജോർജ് ഹാളിൽ നടന്ന പരിശീലന പരിപാടി മറ്റത്തൂർ പഞ്ചായത്ത് പ്രസിഡൻറ് അശ്വതി വിബി ഉദ്ഘാടനം ചെയ്തു.

ആരോഗ്യം, വിദ്യാഭ്യാസം, തൊഴിലും വരുമാനവും, അടിസ്ഥാന സൗകര്യങ്ങൾ, അതിക്രമങ്ങൾ എന്നീ മേഖലകളിൽ പഞ്ചായത്തിലെ സ്ത്രീകൾ, ട്രാൻസ്ജെന്റർ വ്യക്തികൾ എന്നിവർ നേരിടുന്ന പ്രശ്നങ്ങൾ കണ്ടെത്തി പരിഹാരം കണ്ടെത്താനാണ് പരിശീലനത്തിലൂടെ ലക്ഷ്യമിടുന്നത്.

ജെന്റർ സ്റ്റാറ്റസ് സ്‌റ്റഡി ആശയങ്ങൾ, സമീപനം, പ്രക്രിയ, രീതിശാസ്ത്രം, വിവരശേഖരണം, ഉപാധികൾ, സ്രോതസ്സുകൾ, ചുമതലകളും ഉത്തരവാദിത്തങ്ങളും, കർമ്മപരിപാടി തയ്യാറാക്കൽ എന്നീ വിഷയങ്ങളിൽ കില റിസോഴ്സ് പേഴ്സൺസ് ശിഹാബ് ടി എം, ശാലിനി ബിജു, ഡോ. രമ്യ ആർ, ഡോ. ദിലീപ് കുമാർ എന്നിവർ ക്ലാസുകൾ നയിച്ചു.

പരിശീലനത്തിലൂടെ കണ്ടെത്തുന്ന കാര്യങ്ങൾ ഗ്രാമസഭകളിൽ ചർച്ച ചെയ്ത് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയും വിവിധ സംയോജന സാധ്യതകൾ പ്രയോജനപ്പെടുത്തിയും പരിഹാരം കണ്ടെത്താനാണ് ഉദ്ദേശിക്കുന്നത്.

മൂന്ന് ദിവസങ്ങളിലായി നടന്ന പരിശീലന പരിപാടിയിൽ അക്കാദമിക് ടീമംഗങ്ങൾ, പഠന സംഘാംഗങ്ങൾ, ജനപ്രതിനിധികൾ എന്നിവർ ഉൾപ്പെടെ 35 പേർ പങ്കെടുത്തു.