കുടുംബശ്രീ സ്ത്രീ ശാക്തീകരണ മേഖലയില്‍ നിരവധി മാറ്റങ്ങളാണ് സൃഷ്ടിച്ചതെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. നയിചേതന കാമ്പയിന്‍ പോസ്റ്റര്‍ പ്രകാശനം അടൂരില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിക്രമങ്ങളെ കൂട്ടായി ചെറുക്കുവാന്‍ സാധിക്കണമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.

ദേശീയ ഗ്രാമീണ ഉപജീവന മിഷന്റെ (എന്‍.ആര്‍.എല്‍.എം) നേതൃത്വത്തില്‍ നവംബര്‍ 25 മുതല്‍ ഡിസംബര്‍ 23 വരെയാണ് നയിചേതന ദേശീയ കാമ്പയിന്‍ നടക്കുന്നത്. ലിംഗാധിഷ്ഠിത അതിക്രമങ്ങള്‍ക്കെതിരെയും ലിംഗനീതി ഉറപ്പാക്കുന്നതിനുമായി രാജ്യത്തൊട്ടാകെ അയല്‍ക്കൂട്ടതലം വരെ വിവിധ പരിപാടികള്‍ ഇതിന്റെ ഭാഗമായി നടത്തുന്നു. ലിംഗസമത്വവും ലിംഗാധിഷ്ഠിത അതിക്രമങ്ങളും എന്ന ചിന്താവിഷയത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന കാമ്പയിനില്‍ അതിക്രമങ്ങളെ പ്രതിരോധിക്കുന്നതിനുള്ള സാമൂഹ്യഉത്തരവാദിത്വം വളര്‍ത്തിയെടുക്കുകയും ലിംഗനീതിയിലേക്ക് സമൂഹത്തെ നയിക്കുകയും ചെയ്യുകയാണ്. കേരളത്തില്‍ ഈ പരിപാടിയുടെ നോഡല്‍ ഏജന്‍സി കുടുംബശ്രീയാണ്.

അടൂര്‍ നഗരസഭ വൈസ്ചെയര്‍പേഴ്സണ്‍ ദിവ്യറെജി മുഹമ്മദിന്റെ അധ്യക്ഷതയില്‍ നടന്ന പോസ്റ്റര്‍ പ്രകാശന ചടങ്ങില്‍ അടൂര്‍ സി.ഡി.എസ്ചെയര്‍പേഴ്സണ്‍ വത്സലകുമാരി, ജില്ലാ പ്രോഗ്രാംമാനേജര്‍ അനിതാ.കെ.നായര്‍, ടി.കെ ഷാജഹാന്‍, എലിസബത്ത്.ജി.കൊച്ചില്‍, സ്നേഹിതാ സര്‍വീസ് പ്രൊവൈഡര്‍ എസ്.ഗായത്രിദേവി, ബ്ലോക്ക്കോ-ഓഡിനേറ്റര്‍മാരായ സ്മിതാ തോമസ്, രമ്യ.എസ്നായര്‍, വി.ഹരിത, അഞ്ചു എസ് നായര്‍, സരിത, വിജില്‍ ബാബു വിവിധ സി.ഡി.എസ്സുകളിലെ ചെയര്‍പേഴ്സണ്‍മാര്‍ അക്കൗണ്ടന്റ്മാര്‍, കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാര്‍, സിഡിഎസ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.