തിരുവനന്തപുരം: ഡിസംബര്‍ 25 ന് ആരംഭിക്കുന്ന ബീമാപ്പള്ളി ഉറൂസ് മഹോത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. ഉത്സവാഘോഷങ്ങളുടെ ഭാഗമായി തീര്‍ഥാടകര്‍ക്കായി ഒരുക്കിയ സൗകര്യങ്ങള്‍ വിലയിരുത്താന്‍ എ.ഡി.എമ്മിന്റെ അധ്യക്ഷതയില്‍ കളക്ട്രേറ്റില്‍ യോഗം ചേര്‍ന്നു. ബീമാപ്പള്ളിയിലേക്കുള്ള പ്രധാന റോഡിലെയും അനുബന്ധ റോഡുകളിലെയും അറ്റകുറ്റപ്പണികൾ പൂര്‍ത്തിയായി വരുന്നതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചു. കേടായ വഴിവിളക്കുകള്‍ മാറ്റി സ്ഥാപിക്കുന്ന നടപടികള്‍ കെ.എസ്.ഇ.ബിയുടെയും കോര്‍പ്പറേഷന്റെയും നേതൃത്വത്തില്‍ പുരോഗമിക്കുന്നു. പ്രധാന റോഡുകളിലും ജങ്ഷനുകളിലും ബീമാപ്പള്ളിയിലേക്കുള്ള ദിശാ ബോര്‍ഡുകള്‍ സ്ഥാപിക്കും. തീര്‍ഥാടകര്‍ക്കായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രഥമ ശുശ്രൂഷാ കേന്ദ്രം തുറക്കും. പ്രത്യേക ആംബുലന്‍സ് സൗകര്യവുമുണ്ടാകും. തീര്‍ഥാടകരുടെ സൗകര്യാര്‍ഥം പൂവാര്‍, കിഴക്കേക്കോട്ട, തമ്പാന്നൂര്‍ ഡിപ്പോകളില്‍നിന്നു കെ.എസ്.ആര്‍.ടി.സി. പ്രത്യേക സര്‍വീസുകള്‍ നടത്തും. തീര്‍ഥാടകരുടെ പാര്‍ക്കിങ്ങിനും പ്രത്യേക സൗകര്യമൊരുക്കും. ക്രമസമാധാന പാലനം ഉറപ്പാക്കാന്‍ തിരുവനന്തപുരം സിറ്റി പൊലീസിന്റെ നേതൃത്വത്തില്‍ പ്രത്യേക പൊലീസ് വിന്യാസം നടത്തും. കണ്‍ട്രോള്‍ റൂമും തുറക്കും. എക്സൈസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പ്രത്യേക പരിശോധനകള്‍ നടത്തും. ഉത്സവകാലയളവില്‍ മാലിന്യ നീക്കം ഉറപ്പാക്കാന്‍ കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ പ്രത്യേക ഡ്രൈവ് നടത്തും. ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചാകും ഉറൂസ് മഹോത്സവം നടത്തുക. ഡിസംബര്‍ 25 ന് ആരംഭിക്കുന്ന ഉറൂസ് മഹോത്സവം ജനുവരി നാല് പുലര്‍ച്ചെയാണ് സമാപിക്കുക. ഉറൂസ് പ്രമാണിച്ച് ജനുവരി മൂന്നിന് തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയില്‍ പ്രാദേശിക അവധി നല്‍കും. യോഗത്തില്‍ എ.ഡി.എം അനില്‍ ജോസ്, ജമാഅത്ത് ഭാരവാഹികള്‍, ബീമാപ്പള്ളി, ബാമീപ്പള്ളി ഈസ്റ്റ് വാര്‍ഡുകളിലെ കൗണ്‍സിലര്‍മാര്‍, വിവിധ വകുപ്പിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തിൽ പങ്കെടുത്തു.