തിരുവനന്തപുരം: നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതിയുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച അവലോകന യോഗം കളക്ടറേറ്റിൽ ചേർന്നു. ഓടകൾ സമയബന്ധിതമായി വൃത്തിയാക്കുന്നതിനും വേളി, പൂന്തുറ പൊഴി എന്നിവിടങ്ങളിലെ മാലിന്യം നീക്കം ചെയ്യുന്നതിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ജില്ലാ കളക്ടർ ജെറോമിക് ജോർജ് നിർദ്ദേശം നൽകി. നഗരത്തിൽ വെള്ളക്കെട്ടിന് ഇടയാക്കുന്ന 60 സ്ഥലങ്ങളാണ് വിവിധ വകുപ്പുകൾ നേരത്തേ കണ്ടെത്തിയിരുന്നത്.
ഇവിടങ്ങളിലെ വെള്ളക്കെട്ട് തടയുന്നതിനുള്ള പ്രവർത്തനങ്ങളാണ് നിലവിൽ പുരോഗമിക്കുന്നത്. ഓടകളിൽ മാലിന്യം ഉൾപ്പെടെയുള്ളവ നിറഞ്ഞ് തടസ്സം സൃഷ്ടിക്കുന്നത്, വെള്ളത്തിന്റെ ഒഴുക്ക്, ശക്തിയോടെ തുടർച്ചയായി പെയ്യുന്ന മഴ എന്നിവയാണ് പലപ്പോഴും നഗരത്തിലെ പലയിടങ്ങളിലും വെള്ളം കയറുന്നതിന് ഇടയാക്കുന്നത്.

തൊഴുവൻകോട്, പൈപ്പിൻ മൂട്, ജഗതി പാലം, കണ്ണേറ്റുമുക്ക് ആറ്റുകാൽ എന്നിവിടങ്ങളിൽ എല്ലാം വെള്ളക്കെട്ട് ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി യോഗം വിലയിരുത്തി. ആമയിഴഞ്ചാൻ തോട്, കിള്ളിയാർ, തെക്കനക്കര കനാൽ എന്നിവിടങ്ങളിൽ നടക്കുന്ന വിവിധ നിർമ്മാണ പ്രവർത്തനങ്ങൾ, വീതികൂട്ടൽ നടപടികൾ എന്നിവയെല്ലാം യോഗത്തിൽ വിലയിരുത്തി. ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ജയമോഹൻ വി, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.