സംസ്ഥാന സർക്കാരിന്റെയും സമഗ്ര ശിക്ഷാ കേരളയുടെയും ആഭിമുഖ്യത്തിൽ മാവൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ പ്രാദേശിക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ആരംഭിച്ചു. കേന്ദ്രത്തിന്റെ ഉദ്ഘാടനം പി.ടി.എ റഹീം എം.എൽ.എ നിർവ്വഹിച്ചു.

സമഗ്ര ശിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി അനുവദിച്ച ഫണ്ട് ഉപയോഗപ്പെടുത്തിയാണ് സ്കൂളിൽ വെതർ സ്റ്റേഷൻ സ്ഥാപിച്ചത്. കുട്ടികൾക്ക് ശാസ്ത്രീയ ഉപകരണങ്ങളുടെയും സാങ്കേതിക വിദ്യയുടെയും സഹായത്തോടെ തങ്ങളുടെ പ്രദേശത്തെ കാലാവസ്ഥയും ദിനാന്തരീക്ഷ സ്ഥിതിയും മനസ്സിലാക്കാൻ സാധ്യമാക്കുക എന്നതാണ് വെതർ സ്റ്റേഷൻ സ്ഥാപിച്ചതിലൂടെ ലക്ഷ്യമിടുന്നത്. അന്തരീക്ഷ ഊഷ്മാവ്, അന്തരീക്ഷ ആർദ്രത, കാറ്റിന്റെ ദിശയും വേഗവും, മഴയുടെ അളവ് എന്നീ കാലാവസ്ഥ ഘടകങ്ങളും വിദ്യാർത്ഥികൾക്ക് സ്വയം രേഖപ്പെടുത്താനുള്ള സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. പ്രാദേശിക കാലാവസ്ഥ പ്രവചന സംവിധാനത്തിലൂടെ പ്രദേശത്തെ കാലാവസ്ഥ കുട്ടികൾക്ക് നിരന്തരം നിരീക്ഷിക്കാനും രേഖപ്പെടുത്താനും സാധിക്കും.

മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. എസ്.എസ്.കെ ജില്ലാ പ്രോഗ്രാം ഓഫീസർ വി.ടി ഷീബ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് മെമ്പർ സുധ കമ്പത്ത്, ഗ്രാമപഞ്ചായത്ത് മെമ്പർ മോഹൻദാസ്, മാവൂർ ബി.ആർ.സി പ്രോജക്ട് കോർഡിനേറ്റർ ജോസഫ് തോമസ്, പി.ടി.എ വൈസ് പ്രസിഡന്റ് സുരേഷ് പുതുക്കുടി, ഹെഡ്മിസ്ട്രസ് യു.സി ശ്രീലത എന്നിവർ സംസാരിച്ചു. എ.എം ഷബീർ പദ്ധതി വിശദീകരിച്ചു. പ്രിൻസിപ്പൽ എ.പി മിനി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എം.പി ആലിക്കുട്ടി നന്ദിയും പറഞ്ഞു.