ആലപ്പുഴ: മഴക്കെടുതിയിലും വെള്ളപ്പൊക്കത്തിലും ജില്ലയിൽ പൊതുമരാമത്ത് വകുപ്പ് കെട്ടിടങ്ങൾക്ക് വ്യാപക നാശം.ഓഫീസുകൾക്ക് കേടുപാട് സംഭവിച്ചെങ്കിലും പുതിയ ആലപ്പുഴയ്ക്കായി പൊതുമരാമത്ത് വകുപ്പ് എൻജിനീയർമാരുടെ സാങ്കേതിക സംഘം പ്രളയ ബാധിത പ്രദേശങ്ങളിൽ ശുചീകരണപ്രവർത്തനത്തിലാണ്.
പ്രളയം മൂലം കുട്ടനാട്ടിലുള്ള കെട്ടിടങ്ങൾക്കാണ് കൂടുതൽ നാശം സംഭവിച്ചിരിക്കുന്നത്. ഒരു കോടിയുടെ നാശമാണ് താൽക്കാലികമായി വിലയിരുത്തിയിരിക്കുന്നത്. ഹരിപ്പാട് സെക്ഷന്റെ കീഴിൽ അഞ്ചും കായംകുളം സെക്ഷന്റെ കീഴിൽ രണ്ടും വില്ലേജ് ഓഫീസുകൾക്കും കേടുപാടുണ്ടായി. 15ലക്ഷം രൂപയാണ് ഈ ഇനത്തിൽ നഷ്ടം വിലയിരുത്തുന്നത്. നൂറനാട് , എടപ്പോൺ എഫ്.ഡബള്യു സെന്റർ, ഹരിപ്പാട് റസ്റ്റ് ഹൗസ് എന്നീ കെട്ടിടങ്ങളേയും പ്രളയം ബാധിച്ചു. 20ലക്ഷം രൂപയാണ് നഷ്ടം. കണ്ണമംഗലം വില്ലേജ് ഓഫീസിന് പൂർണമായും നഷ്ടം സംഭവിച്ചു.ചെങ്ങന്നൂരിൽ ആറ് വില്ലേജ് ഓഫീസുകളാണ് തകർന്നത്. 15 ലക്ഷം രൂപയുടെ നഷ്ടമാണ് വകുപ്പ് വിലയിരുത്തുന്നത്.
ഇതിനുപുറമേ ആലപ്പുഴ മെഡിക്കൽ കോളേജിന് ഒരു കോടി രൂപയും ജനറൽ ആശുപത്രിക്ക് 60ലക്ഷം രൂപയുടെ നഷ്ടവും രേഖപ്പെടുത്തി. 360ലക്ഷം രൂപയുടെ നാശമാണ് താൽ്ക്കാലികമായി രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ പ്രളയ ബാധിത പ്രദേശങ്ങളിൽ പ്രവർത്തിച്ചിരുന്ന ക്യാമ്പുകൾക്കായി താൽക്കാലിക ശുചിമുറികളും വകുപ്പ് ഈ കാലയളവിൽ നിർമിച്ചുനൽകിയിരുന്നു.എട്ട് കേന്ദ്രങ്ങളിൽ ഇൻസിനിനേറ്ററും സ്ഥാപിച്ചിട്ടുണ്ട്.