ദുരന്ത നിവാരണ സാക്ഷരതയിലൂടെ ദുരന്തം നേരിടാന്‍ സംസ്ഥാനം സജ്ജമാകും; മന്ത്രി കെ രാജന്‍

കോളേജുകളിലും സ്‌കൂളുകളിലുമെല്ലാം ദുരന്തനിവാരണ ക്ലബുകള്‍ക്ക് രൂപം നല്‍കി മുങ്ങിമരണ ലഘൂകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കണം എന്ന ആശയമാണ് ജില്ലാ ഭരണകൂടം മുന്നോട്ടുവെയ്ക്കുന്നതെന്ന് റവന്യൂമന്ത്രി കെ രാജന്‍. ദുരന്ത നിവാരണ സാക്ഷരതയിലൂടെ ഏത് ദുരന്തത്തെയും നേരിടാന്‍ സംസ്ഥാനത്തെ സജ്ജമാക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെയും നേതൃത്വത്തില്‍ നടപ്പിലാക്കുന്ന മുങ്ങിമരണ ദുരന്ത ലഘൂകരണ യജ്ഞം പ്രോജക്ട് ഫ്‌ളോട്ടിന്റെ ജില്ലാതല ഉദ്ഘാടനം കുട്ടനെല്ലൂര്‍ ശ്രീ.സി. അച്യുതമേനോന്‍ ഗവണ്‍മെന്റ് കോളേജില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ഒരു വര്‍ഷം മാത്രം ജില്ലയുടെ ജലാശയങ്ങളില്‍ വീണ് മരണപ്പെട്ടവരുടെ എണ്ണം 131 ആണ്. സംസ്ഥാനത്താകെ പരിശോധിക്കുമ്പോള്‍ ആയിരത്തോളം മുങ്ങിമരണങ്ങള്‍ കഴിഞ്ഞ വര്‍ഷം മാത്രമായി നടന്നെന്നും മന്ത്രി പറഞ്ഞു. ദുരന്ത സമയത്ത് നടത്തേണ്ട രക്ഷാപ്രവര്‍ത്തനം സംബന്ധിച്ചുള്ള അറിവില്ലായ്മ പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകാറുണ്ട്. മുങ്ങിമരണം തടയാനുള്ള ജീവന്‍രക്ഷാ മാര്‍ഗങ്ങളിലും രക്ഷാപ്രവര്‍ത്തനം

നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളിലും അവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു.പരിപാടിയുടെ ഭാഗമായി കോളേജ്, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉള്‍പ്പെടെ നീന്തല്‍ പരിശീലനം നല്‍കും. തദ്ദേശ സ്വയംഭരണ സ്ഥപനങ്ങളുടെ കൂടി പിന്തുണയോടെ ആയിരിക്കും പരിപാടി നടക്കുക. ഇതോടൊപ്പം അപകടത്തില്‍ പെട്ട ആളെ എങ്ങനെ രക്ഷിക്കാം എന്നത് സംബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ഉള്‍പ്പെടെ അവബോധം നല്‍കാന്‍ ഇതിന് പര്യാപ്തമായ വിധത്തില്‍ ഒരു സംഘത്തെ നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ലയില്‍ നേരത്തെ

ഉണ്ടായ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ ദുരന്തങ്ങള്‍ ഉണ്ടാകുന്ന ജലാശയങ്ങള്‍, കായലുകള്‍, കിണറുകള്‍ എന്നിവ തിട്ടപ്പെടുത്തും. ആ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ജാഗ്രതാ സമിതികള്‍ രൂപീകരിക്കും.ജലാശയത്തില്‍ വീണുള്ള മുങ്ങിമരണങ്ങള്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടവും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും സംയുക്തമായി തുടക്കം കുറിക്കുന്ന മുങ്ങിമരണ ദുരന്ത ലഘൂകരണ സാക്ഷരത യജ്ഞമാണ് പ്രോജക്ട് ഫ്ളോട്ടെന്ന് ജില്ലാ കലക്ടർ ഹരിത വി കുമാർ പറഞ്ഞു.

സമൂഹത്തില്‍ മുങ്ങിമരണം തടയാനുള്ള ജീവന്‍രക്ഷാ മാര്‍ഗങ്ങളെക്കുറിച്ച് അവബോധം വളര്‍ത്തുക, മുങ്ങിമരണം സംഭവിക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, രക്ഷാപ്രവര്‍ത്തനം നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ക്ലാസുകളും പരിശീലന പരിപാടികളുമാണ് ഈ പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. നീന്തല്‍ പരിശീലനം, ജലസുരക്ഷ അവബോധം സൃഷ്ടിക്കല്‍, ജീവന്‍രക്ഷാ നൈപുണ്യങ്ങളുടെ പരിശീലനം തുടങ്ങിയവയുമായി ബന്ധപ്പെട്ട തുടര്‍ പരിശീലനങ്ങളും നടക്കും.

ജില്ലാഭരണകൂടത്തിനൊപ്പം പബ്ലിക് റിലേഷന്‍സ്, ഫയര്‍ ആന്റ് റസ്‌ക്യു തുടങ്ങി വകുപ്പുകളുടെ സഹകരണത്തോടെ മുങ്ങിമരണ പ്രതിരോധവും ലഘൂകരണവും എന്ന വിഷയത്തെ ആസ്പദമാക്കി ബോധവല്‍ക്കരണ വീഡിയോകള്‍, ഡോക്യുമെന്ററികള്‍ എന്നിവ തയ്യാറാക്കുക. സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, രക്ഷകര്‍ത്താക്കള്‍ എന്നിവര്‍ക്കായി ഫയര്‍ ആന്റ് റസ്‌ക്യൂ വകുപ്പിന്റെയും സിവില്‍ ഡിഫന്‍സിന്റെയും സഹായത്തോടെ പ്രഥമ ശുശ്രൂഷാ പരിശീലനവും പദ്ധതിയുടെ ഭാഗമായി നല്‍കും.

 

കുട്ടനെല്ലൂര്‍ ശ്രീ.സി. അച്യുതമേനോന്‍ ഗവണ്‍മെന്റ് കോളേജ് രൂപീകരിച്ച ദുരന്തനിവാരണ ക്ലബ്ബിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. ചടങ്ങില്‍ മേയര്‍ എം കെ വര്‍ഗീസ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍, കൗണ്‍സിലര്‍ ശ്യാമള വേണുഗോപാല്‍, ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍, ജില്ലാ ഫയര്‍ ഓഫീസര്‍ അരുണ്‍ ഭാസ്‌കര്‍, ഡെപ്യൂട്ടി കലക്ടര്‍ (ദുരന്തനിവാരണം) കെ എസ് പരീത്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ബെന്നി ജോസഫ്, പ്രിന്‍സിപ്പാള്‍ എ കെ സുരേഷ്, തഹസിൽദാർ ടി ജയശ്രീ എന്നിവര്‍ സന്നിഹിതരായി.