ജില്ലയിൽ ആഫ്രിക്കൻ പന്നിപനി വ്യാപനത്തെതുടർന്ന് പ്രതിസന്ധിയിലായ കർഷകർക്കുള്ള നഷ്ടപരിഹാര തുക മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി വിതരണ ചെയ്തു.പ്രതികൂല സാഹചര്യങ്ങളെ നേരിടാൻ മൃഗസംരക്ഷണ വകുപ്പ് സജ്ജമാണെന്നും പന്നിപനിയെ തുടർന്ന് പ്രതിസന്ധിയിലായ കർഷകർക്ക് കൃഷി പുനരാരംഭിക്കാനുള്ള എല്ലാ സഹായവും സംസ്ഥാന സർക്കാർ നൽകുന്നുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

വളർത്തുപന്നികളെ കള്ളിങ്ങിന് വിധേയമാക്കേണ്ടി വന്ന കർഷകർക്കുണ്ടായ സാമ്പത്തിക നഷ്ടം നികത്തുന്നതിന് വേണ്ടി സർക്കാർ ധനസഹായം നൽകുന്നുണ്ട്. നഷ്ടപരിഹാര തുകയുടെ 60 ശതമാനം കേന്ദ്ര വിഹിതവും 40 ശതമാനം സംസ്ഥാന വിഹിതവുമാണ്. നിലവിൽ കർഷകർക്ക് ലഭിക്കേണ്ട നഷ്ടപരിഹാരത്തുക പൂർണമായും സംസ്ഥാന മൃഗസംരക്ഷണ വകുപ്പിലെ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ കോർപ്പസ് ഫണ്ടിൽ നിന്നും നൽകുകയും കേന്ദ്ര വിഹിതം ലഭിക്കുന്ന മുറയ്ക്ക് ഫണ്ടിൽ വകയിരുത്തുകയുമാണ് ചെയ്യുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പി ബാലചന്ദ്രൻ എംഎൽഎ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷീന പറയങ്ങാട്ടിൽ, ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ എസ് ജയ, ജില്ലാ മൃഗസംരക്ഷണ ഓഫീസ് ഡെപ്യൂട്ടി ഡയറക്ടർ പി ഫ്രാൻസിസ് ബാസ്റ്റിൻ, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഒ ജി സുരജ, അനിമൽ ഡിസീസ് കൺട്രോൾ പ്രൊജക്റ്റ് ജില്ലാ കോർഡിനേറ്റർ ലത മേനോൻ എന്നിവർ പങ്കെടുത്തു. ചടങ്ങിൽ കള്ളിങ് നടപടികളിൽ പങ്കെടുത്ത ജില്ലയിലെ എല്ലാ ഉദ്യോഗസ്ഥർക്കുള്ള അഭിനന്ദന സാക്ഷ്യപത്രം മന്ത്രി ചിഞ്ചു റാണി വിതരണം ചെയ്തു.കോടശ്ശേരി, കടങ്ങോട് പഞ്ചായത്തിലെ പന്ത്രണ്ട് കർഷകർക്കായി 74,75,757 രൂപയാണ് ഇന്ന് വിതരണം ചെയ്തത്. ആദ്യഘട്ടത്തിൽ ചേർപ്പ്, അതിരപ്പള്ളി പഞ്ചായത്തിൽ മൂന്ന് കർഷകർക്ക് 14,94,400 രൂപ ഒക്ടോബർ 30ന് വിതരണം ചെയ്തിരുന്നു.

തൃശൂർ ജില്ലയിൽ 2022 ഒക്ടോബർ മാസം മുതൽ ഇതുവരെ ചേർപ്പ്, അതിരപ്പിള്ളി, കോടശ്ശേരി കടങ്ങോട് എന്നീ പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചിരുന്നു. ഓരോ പ്രദേശങ്ങളിലെയും അസുഖം സ്ഥിരീകരിച്ച ഫാമുകളിലും ഒരു കിലോമീറ്റർ ചുറ്റളവിലുള്ള മറ്റു ഫാമുകളിലും ഉള്ള പന്നികളെ നാഷണൽ ആക്ഷൻ പ്ലാൻ പ്രകാരം ദയാവധത്തിന് വിധേയമാക്കി മറവുചെയ്യുകയായിരുന്നു. ജില്ലയിൽ 15 ഫാമുകളിൽ നിന്നായി 1340 പന്നികളെ ദയാവധത്തിന് വിധേയമാക്കിയിട്ടുണ്ട്. മൃഗസംരക്ഷണ വകുപ്പിലെ ഡോക്ടർമാർ ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർമാർ, മറ്റു ജീവനക്കാർ എന്നിവരാണ് നടപടികൾ പൂർത്തീകരിച്ചത്.