* അഡ്വ. പി. കുഞ്ഞായിഷ, വി.ആർ. മഹിളാമണി,
അഡ്വ. എലിസബത്ത് മാമൻ മത്തായി എന്നിവർ പുതിയ അംഗങ്ങൾ
കേരള വനിതാ കമ്മിഷൻ അംഗങ്ങളായി അഡ്വ.പി. കുഞ്ഞായിഷ, വി.ആർ. മഹിളാമണി, അഡ്വ. എലിസബത്ത് മാമൻ മത്തായി എന്നിവർ ചുമതലയേറ്റു. കമ്മിഷൻ ആസ്ഥാനത്ത് രാവിലെ 10.30 -ന് ചെയർപേഴ്സൺ അഡ്വ. പി.സതീദേവിയുടെ സാന്നിധ്യത്തിലാണ് അംഗങ്ങൾ ചുമതലയേറ്റത്. തുടർന്ന് കമ്മിഷൻ സിറ്റിങ്ങിലും പുതിയ അംഗങ്ങൾ പങ്കെടുത്തു. പുതിയ അംഗങ്ങളെ നാമനിർദേശം ചെയ്ത് ഗസറ്റ് വിജ്ഞാപനം 15-ന് പുറപ്പെടുവിച്ചിരുന്നു. പുതിയ അംഗങ്ങളായ കുഞ്ഞായിഷ കാസർകോട്, കണ്ണൂർ, വയനാട് എന്നീ ജില്ലകളുടെ ചുമതലയും മഹിളാമണി ആലപ്പുഴ, മലപ്പുറം, പാലക്കാട് ജില്ലകളുടെ ചുമതലയും എലിസബത്ത് മാമൻ മത്തായി പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളുടെ ചുമതലയും നിർവഹിക്കും. ചെയർപേഴ്സൺ അഡ്വ. പി.സതീദേവി തിരുവനന്തപുരം, കോഴിക്കോട് ജില്ലകളുടെ ചുമതലയും അഡ്വ. ഇന്ദിരാ രവീന്ദ്രൻ കൊല്ലം, തൃശ്ശൂർ, കോട്ടയം ജില്ലകളിലെ ചുമതലയും നിർവഹിക്കും. പുതിയ അംഗങ്ങൾ ചുമതലയേറ്റതോടെ കമ്മിഷനിൽ നിലവിലുണ്ടായിരുന്ന മൂന്ന് അംഗങ്ങളുടെ ഒഴിവുകളും നികത്തപ്പെട്ടു. ചെയർപേഴ്‌സൺ ഉൾപ്പെടെ അഞ്ച് അംഗങ്ങളാണ് കേരള വനിതാ കമ്മിഷനുള്ളത്. അഡ്വ. ഷിജി ശിവജി, ഇ.എം.രാധ, ഷാഹിദാ കമാൽ എന്നീ അംഗങ്ങൾ കാലാവധി പൂർത്തിയാക്കിയതിനെ തുടർന്നുണ്ടായ ഒഴിവിലാണ് പുതിയ അംഗങ്ങളുടെ നിയമനം. സോണിയാ വാഷിങ്ടൺ കമ്മിഷന്റെ മെമ്പർ സെക്രട്ടറിയായി തുടരും.
കണ്ണൂർ ഏഴോം സ്വദേശിയായ അഡ്വ. പി.കുഞ്ഞായിഷ കഴിഞ്ഞ 22 വർഷമായി അഭിഭാഷകയായി പ്രവർത്തിച്ചുവരുന്നു. എൽഎൽഎം ബിരുദധാരിയാണ്.
ആലപ്പുഴ വയലാർ സ്വദേശിനിയായ വി.ആർ. മഹിളാമണി 28 വർഷം അധ്യാപികയായും ഏഴ് വർഷം ഹെഡ്മിസ്ട്രസ്സായും വിവിധ സ്‌കൂളുകളിൽ സേവനം അനുഷ്ഠിച്ചു.
2003-2005 കാലയളവിൽ തിരുവല്ലാ നിയോജയമണ്ഡലത്തിൽ നിന്നുള്ള മുൻ എംഎൽഎ കൂടിയായ അഡ്വ. എലിസബത്ത് മാമൻ മത്തായി 1995-2000 കാലയളവിൽ പെരിങ്ങറ പഞ്ചായത്ത് അംഗം കൂടിയായിരുന്നു. ബിഎ, എൽഎൽബി ബിരുദധാരിയായ അഡ്വ. എലിസബത്ത് മാമൻ മത്തായി 42 വർഷമായി അഭിഭാഷക രംഗത്ത് പ്രവർത്തിക്കുന്നു. മുൻ എംഎൽഎകൂടിയായ അന്തരിച്ച അഡ്വ. മാമൻ മത്തായിയുടെ ഭാര്യയാണ്.