പതിനൊന്നാമത് കാര്‍ഷിക സെന്‍സസിന്റെ ഫീല്‍ഡ്തല വിവരശേഖരണം നടത്തുന്ന വൈത്തിരി താലൂക്കിലെ എന്യൂമറേറ്റര്‍മാര്‍ക്ക് പരിശീലനം നല്‍കി. കല്‍പ്പറ്റ ഗ്രീന്‍ ഗേറ്റ്സ് ഹോട്ടലില്‍ നടന്ന പരിശീലനം സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ പി. ഷീന ഉദ്ഘാടനം ചെയ്തു. വൈത്തിരി താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ എം.പി പ്രവീണ്‍ അധ്യക്ഷത വഹിച്ചു.

ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ കാര്‍ഷിക സംഘടനയുടെ നിര്‍ദ്ദേശപ്രകാരം 1970 മുതലാണ് ലോക വ്യാപകമായി കാര്‍ഷിക സെന്‍സസ് നടത്താനാരംഭിച്ചത്. കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട നയങ്ങള്‍ രൂപീകരിക്കുന്നതിനും വിവിധ പദ്ധതികള്‍ സര്‍ക്കാര്‍ തലത്തില്‍ രൂപീകരിക്കുന്നതിനുമുള്ള വിവരശേഖരണം നടത്തുന്നതിനാണ് കാര്‍ഷിക സെന്‍സസ് സംഘടിപ്പിക്കുന്നത്.

മൂന്ന് ഘട്ടങ്ങളായി നടത്തുന്ന സര്‍വ്വേയുടെ ഒന്നാംഘട്ട ജോലികള്‍ പരിശീലനം ലഭിച്ച എന്യൂമറേറ്റര്‍മാരാണ് ചെയ്യുന്നത്. എല്ലാ വീടുകളിലുമെത്തി എന്യൂമറേറ്റര്‍മാര്‍ പ്രാഥമിക വിവരശേഖരണം നടത്തും. രണ്ടും മൂന്നും ഘട്ടങ്ങളിലെ വിശദമായ വിവരശേഖരണം നടത്തുന്നത് സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിലെ ജീവനക്കാരാണ്. സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍മാരായ എ. സന്തോഷ്, ടി. ഷിഹാബുദ്ദീന്‍ എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു. റിസര്‍ച്ച് ഓഫീസര്‍ സജിന്‍ ഗോപി, സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്പെക്ടര്‍ എന്‍. അനില്‍ കുമാര്‍, ഇന്‍വെസ്റ്റിഗേറ്റര്‍ വി.കെ ജിനീഷ് തുടങ്ങിയവര്‍ സംസാരിച്ചു.