രാജ്യത്ത് പ്രാദേശിക ഭരണം ഏറ്റവും ശക്തമായി ഇടപെടുന്ന സംസ്ഥാനമാണ് കേരളമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. പനങ്ങാട് പഞ്ചായത്തിലെ വട്ടോളി ബസാറില്‍ ആരംഭിച്ച ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ ആശുപത്രി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ശക്തിപ്പെട്ട് മുന്നോട്ട് വരുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. അതുകൊണ്ട് തന്നെ പ്രാദേശിക ആസൂത്രണത്തിനും മികച്ച സാധ്യതകളുണ്ട്. പേവിഷബാധ ഉള്‍പ്പടെ തെരുവ്‌നായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുന്ന പദ്ധതിയാണ് എ ബി സി. എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പദ്ധതിയുമായി ബന്ധപ്പെട്ട മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കണമെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് ജില്ലാപഞ്ചായത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും മൃഗസംരക്ഷണ വകുപ്പിന്റേയും സഹകരണത്തോടെയാണ് വട്ടോളി ബസാറില്‍ അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ ആശുപത്രി ആരംഭിച്ചത്.

അഡ്വ. കെ.എം സച്ചിന്‍ ദേവ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി സ്വാഗതം പറഞ്ഞ ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി ശിവാനന്ദന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി എം കുട്ടികൃഷ്ണന്‍, ജില്ലാപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ വി.പി ജമീല, കെ വി റീന, ജില്ലാപഞ്ചായത്ത് അംഗം നാസര്‍ എസ്റ്റേറ്റ്മുക്ക്, ഗ്രാമപഞ്ചായത്ത് അംഗം റിജു പ്രസാദ്, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. എ ഗോപകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ കെ. ഷാജി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സീനിയര്‍ വെറ്റിനറി സര്‍ജന്‍ ഡോ എ. ജെ ജോയ് നന്ദി പറഞ്ഞു.