ആദ്യഘട്ടം 12 സിസിടിവി ക്യാമറകൾ : സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു

അരിമ്പൂർ പഞ്ചായത്തിലെ രണ്ടാം വാർഡിൽ പ്രധാനപ്പെട്ട ഇടങ്ങളിലായി സ്ഥാപിച്ച സിസിടിവി ക്യാമറകളുടെ സ്വിച്ച് ഓൺ കർമ്മം ഉന്നത വിദ്യാഭ്യാസ – സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു നിർവഹിച്ചു.ജനക്ഷേമം ഉറപ്പാക്കുന്നതിൽ അരിമ്പൂർ പഞ്ചായത്ത് നടത്തുന്ന പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്ന് പറഞ്ഞ മന്ത്രി തൃശൂർ നഗരത്തോട് ചേർന്ന് കിടക്കുന്ന പഞ്ചായത്ത് അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണെന്നും അഭിപ്രായപ്പെട്ടു. കുറ്റകൃത്യങ്ങളെ തടയുന്നതിനും കുറ്റവാളികളെ വേഗത്തിൽ കണ്ടെത്തുന്നതിനും ഇന്നത്തെ ലോകത്തിൽ നിർണായകമാകുന്നത് ഇത്തരം ക്യാമറ സംവിധാനങ്ങളാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പഞ്ചായത്തിലെ രണ്ടാം വാർഡിലെ എല്ലാ പ്രധാനപ്പെട്ട ഇടങ്ങളിലും അതിർത്തിയിലുമായി ആദ്യഘട്ടത്തിൽ 12 സിസിടിവി ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. 32 ക്യാമറകളാണ് വാർഡിൽ സ്ഥാപിക്കുക. രണ്ടാം വാർഡുമായി ബന്ധപ്പെട്ട വ്യക്തികൾ, വ്യാപാരസ്ഥാപനങ്ങൾ, സംഘടനകൾ, ജനപ്രതിധികൾ എന്നിവരുടെ സഹകരണത്തോടെയാണ് സിസിടിവി സ്ഥാപിച്ചത്. ജനമൈത്രി ഫൗണ്ടേഷൻ്റെ പിന്തുണയോടെയാണ് പദ്ധതി നടപ്പാക്കിയത്. സാങ്കേതിക പ്രവർത്തനങ്ങളുടെ കേന്ദ്രം വിദ്യാരംഭം അങ്കണവാടിയും അന്തിക്കാട് പൊലീസ് സ്റ്റേഷനുമാണ്.

ചടങ്ങിൽ മുരളി പെരുന്നെല്ലി എംഎൽഎ അധ്യക്ഷത വഹിച്ചു. പ്രസിഡൻ്റ് സ്മിത അജയകുമാർ, വൈസ് പ്രസിഡൻ്റ് ഷിമി ഗോപി, പഞ്ചായത്ത് അംഗം സി പി പോൾ, തൃശൂർ റൂറൽ എസ്പി ഐശ്വര്യ ഡോങ്റെ, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.