വയനാട് ജില്ലയില്‍ ബഹുജന പങ്കാളിത്തത്തോടെ നടപ്പാക്കിയ മഹാ ശുചീകരണയജ്ഞത്തിന്റെ ഭാഗമായി വിവിധ തദ്ദേശ സ്ഥാപനങ്ങളില്‍ വേര്‍തിരിച്ച് സംഭരിച്ച പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള അജൈവ മാലിന്യങ്ങള്‍ ഇന്നുമുതല്‍ ശേഖരിക്കും. ക്ലീന്‍ കേരള കമ്പനി, കേരള സ്‌ക്രാപ് മര്‍ച്ചന്റ്‌സ് അസോസിയേഷനുമായി സഹകരിച്ചാണ് അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുക. സ്‌ക്രാപ് മര്‍ച്ചന്റ് അസോസിയേഷന്‍ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണ് ഉദ്യമത്തില്‍ സഹകരിക്കുന്നത്. കഴിയാവുന്നത്ര മാലിന്യങ്ങള്‍ റിസൈക്കിള്‍ ചെയ്യും. ജില്ലയില്‍ പ്രത്യേക ഇടങ്ങള്‍ കണ്ടെത്തി സൂക്ഷിക്കാനുദ്ദേശിക്കുന്ന അജൈവ മാലിന്യങ്ങള്‍ പിന്നീട് നാഗര്‍കോവില്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്ന് സ്‌ക്രാപ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രതിനിധി ജില്ലാ കളക്ടറെ അറിയിച്ചു. ഇതുസംബന്ധിച്ച് കളക്ടറേറ്റിലെ ആസൂത്രണഭവനില്‍ ചേര്‍ന്ന യോഗത്തില്‍ ഹരിതകേരളം ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍ ബി.കെ സുധീര്‍ കിഷന്‍, ശുചിത്വമിഷന്‍ ജില്ലാ അസിസ്റ്റന്റ് കോ-ഓഡിനേറ്റര്‍ എം.പി രാജേന്ദ്രന്‍, പ്രോഗ്രാം ഓഫിസര്‍ അനൂപ് കിഴക്കേപ്പാട്ട്, ക്ലീന്‍ കേരള കമ്പനി ജില്ലാ കോ-ഓഡിനേറ്റര്‍ സുധീഷ് തൊടുവയല്‍, കേരള സ്‌ക്രാപ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ആറ്റക്കോയ തങ്ങള്‍, ട്രഷറര്‍ കെ.വി ഹാരിസ് എന്നിവര്‍ പങ്കെടുത്തു.