പ്രളയത്തെത്തുടര്‍ന്ന് പകര്‍ച്ചരോഗങ്ങള്‍ വ്യാപിക്കാന്‍ സാധ്യതയുള്ളതിനാല്‍  സ്വകാര്യ ആശുപത്രികളില്‍ കണ്ടെത്തുന്ന പകര്‍ച്ചരോഗങ്ങളുടെ വിവരങ്ങള്‍  റിപ്പോര്‍ട്ട് ചെയ്യണമെന്ന് ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികയേന്‍ നിര്‍ദ്ദേശിച്ചു. ആശ്രാമം ഐ.എം.എ ഹാളില്‍ സ്വകാര്യ മേഖലയിലെ ഡോക്ടര്‍മാര്‍ക്കായി ആരോഗ്യവകുപ്പ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനുമായി ചേര്‍ന്ന് സംഘടിപ്പിച്ച ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പകര്‍ച്ചവ്യാധികള്‍ ശ്രദ്ധയില്‍പെട്ടാല്‍ അതത് മേഖലകളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലോ സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലോ റിപ്പോര്‍ട്ട് ചെയ്യാം. ജില്ലാതലത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്റഗ്രേറ്റഡ് ഡിസീസ് കണ്‍ട്രോള്‍ സര്‍വൈലന്‍സ് പ്രോഗ്രാമില്‍ നേരിട്ടും വിവരം നല്‍കാം. രോഗവിവരം റിപ്പോര്‍ട്ട് ചെയ്യാനായി തയ്യാറാക്കിയ ഓണ്‍ലൈന്‍ സംവിധാനം പരമാവധി പ്രയോജനപ്പെടുത്തണം. രോഗബാധിത മേഖലകള്‍ കേന്ദ്രീകരിച്ച് പ്രതിരോധ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന് വിവരശേഖരണം അനിവാര്യമാണ്.
അടിയന്തര സാഹചര്യം കണക്കിലെടുത്ത് സര്‍ക്കാര്‍ തലത്തില്‍ തയ്യാറാക്കിയ പ്രോട്ടോക്കോള്‍ പ്രകാരമാണ് ചികിത്സ നടപ്പിലാക്കുന്നതെന്ന് സ്വകാര്യമേഖലയിലെ ചികിത്സകര്‍ ഉറപ്പാക്കണം. എലിപ്പിനി പ്രതിരോധത്തിനും ചികിത്സയ്ക്കുമായുള്ള ഡോക്‌സിസൈക്ലിന്‍ ഗുളികകളും പെനിസിലിന്‍, സെഫ്ട്രിയാക്‌സോണ്‍ ഇന്‍ജക്ഷനുകളും സ്വകാര്യ ആശുപത്രികളില്‍ ലഭ്യമാക്കണം. പകര്‍ച്ച രോഗവ്യാപനം നിയന്ത്രിക്കുന്നതിന് ആരോഗ്യവിദഗ്ധര്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും  കലക്ടര്‍ നിര്‍ദേശിച്ചു.
പകര്‍ച്ച രോഗസാധ്യതാ മേഖലകള്‍, പ്രതിരോധ പ്രവര്‍ത്തന രീതികള്‍, ചികിത്സാ പ്രോട്ടോക്കോള്‍, രോഗവിവരങ്ങളുടെ ഓണ്‍ലൈന്‍ റിപ്പോര്‍ട്ടിംഗ് തുടങ്ങിയവയെക്കുറിച്ച് ശില്പശാലയില്‍ വിശദമാക്കി.
ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചുമതലയുള്ള ഡോ. ആര്‍. സന്ധ്യ അധ്യക്ഷയായി. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. വസന്ത, എന്‍.എച്ച്.എം. പ്രോഗ്രാം ഓഫീസര്‍ ഡോ. ഹരികുമാര്‍, ഡെപ്യൂട്ടി ഡി.എം.ഒ  ഡോ. ജെ. മണികണ്ഠന്‍, ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. കൃഷ്ണവേണി, പുനലൂര്‍ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഷഹിര്‍ഷാ, ഐ.എം.എ മുന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. അശോകന്‍, സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ. നമ്പര്‍. 2026/18)