പ്രളയത്തിനിരയായി താമസത്തിന് പര്യാപ്തമല്ലാത്ത തകര്‍ന്നു വീഴാന്‍ സാധ്യതയുള്ള അപകടാവസ്ഥയിലുള്ള വീടുകള്‍ കണ്ടെത്തി അടിയന്തിരമായി റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കളക്ടര്‍ പി.ബി. നൂഹ് നിര്‍ദേശം നല്‍കി. തദ്ദേശസ്ഥാപനങ്ങളിലെ എന്‍ജിനിയര്‍മാരും പൊതുമരാമത്ത് കെട്ടിട വിഭാഗത്തിലെ എന്‍ജിനിയര്‍മാരും സംയുക്തമായി പരിശോധന നടത്തി റിപ്പോര്‍ട്ട് തയാറാക്കണമെന്നാണ് നിര്‍ദേശം. പൂര്‍ണമായി തകര്‍ന്ന വീടുകളുടെയും ഭാഗികമായി തകര്‍ന്ന വീടുകളുടേയും ലിസ്റ്റ് നിലവില്‍ റവന്യു വകുപ്പും പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടറും തയാറാക്കിയിട്ടുണ്ട്. ഈ ലിസ്റ്റിന്റെ അടിസ്ഥാനത്തില്‍ സംയുക്തടീം കര്‍ശന പരിശോധന നടത്തും. അപകടസാധ്യതയുള്ള വീടുകള്‍ കണ്ടെത്തിയാല്‍ ഇവിടെ താമസിക്കുന്നവരെ സുരക്ഷിതമായി മാറ്റി പാര്‍പ്പിക്കുമെന്നും കളക്ടര്‍ പറഞ്ഞു. പരിശോധന ഏകോപിപ്പിക്കുന്നതിനായി ജില്ലാപഞ്ചായത്ത് എക്‌സിക്യുട്ടീവ് എന്‍ജിനിയറെയും പൊതുമരാമത്ത് കെട്ടികവിഭാഗം എക്‌സിക്യുട്ടീവ് എന്‍ജിനിയറെയും ജില്ലാ കളക്ടര്‍ ചുമതലപ്പെടുത്തി.
എലിപ്പനി, വയറിളക്കം എന്നിവ ഉള്‍പ്പെടെ പകര്‍ച്ച വ്യാധികള്‍ക്കെതിരേ ആരോഗ്യവകുപ്പ് മുന്‍കരുതല്‍ എടുത്തിട്ടുണ്ടെന്ന് കളക്ടര്‍ പറഞ്ഞു. പനിയുമായി വരുന്ന എല്ലാവരേയും മുന്‍കരുതല്‍ എന്ന നിലയില്‍ എലിപ്പനി പരിശോധന നടത്തുന്നുണ്ട്. വെള്ളക്കെട്ടുള്ള സ്ഥലങ്ങളില്‍ കഴിയുന്നവര്‍ക്ക് എലിപ്പനിക്കെതിരായ പ്രതിരോധ ഗുളിക നല്‍കുന്നതിന് ആരോഗ്യവകുപ്പ് നടപടി സ്വീകരിച്ചിട്ടുണ്ട്.  13 ഡോക്ടര്‍മാരുള്ള അഞ്ച് മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍ പുതുതായി സേവനം ചെയ്യുന്നുണ്ട്. ഇതിനു പുറമേ പുതുതായി ഒന്‍പത് മെഡിക്കല്‍ ക്ലിനിക്കുകള്‍ നിരണം, പെരിങ്ങര, കടപ്ര, നെടുമ്പ്രം, പന്തളം നഗരസഭ, തോട്ടപ്പുഴശേരി, മല്ലപ്പുഴശേരി, റാന്നി പഴവങ്ങാടി, ആറന്മുള എഴിക്കാട് കോളനി എന്നിവിടങ്ങളില്‍ വരുന്ന ഒരുമാസം പ്രവര്‍ത്തിക്കും. രോഗസാധ്യതയുള്ള സ്ഥലങ്ങളിലാണ് കൂടുതല്‍ ചികിത്സാ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. പുതുതായി 60 ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെ പരിശീലനം നല്‍കി 24 ഗ്രാമപഞ്ചായത്തുകളില്‍ വിന്യസിച്ചു. 36,000 കിണറുകള്‍ ശുചീകരിക്കാനുള്ളതില്‍ 20,000 എണ്ണം ശുചീകരിച്ചു കഴിഞ്ഞു. 16,000 കിണറുകള്‍ ബാക്കിയുണ്ട്. ഇവ യുദ്ധകാലാടിസ്ഥാനത്തില്‍ ശുചീകരിച്ചു വരുകയാണ്. എല്ലാ പഞ്ചായത്തുകളിലും കുടിവെള്ളം വിതരണം ചെയ്യുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 7,85,000 ലിറ്റര്‍ കുടിവെള്ളം പഞ്ചായത്തുമായി ബന്ധപ്പെട്ട് വിതരണം ചെയ്തിട്ടുണ്ട്. കുടിവെള്ളം വിതരണം ചെയ്യുന്ന വാഹനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം.
ഭക്ഷ്യസുരക്ഷാപരിശോധന കര്‍ശനമാക്കുന്നതിന് കൊല്ലം ജില്ലയില്‍ നിന്ന് അഞ്ച് ഫുഡ് സേഫ്റ്റി ഓഫീസര്‍മാരുടെ സേവനം കൂടി ലഭ്യമാക്കിയതായി കളക്ടര്‍ പറഞ്ഞു.  നിലവില്‍ നാല് ഓഫീസര്‍മാരാണ് ജില്ലയില്‍ ഉള്ളത്. ഇവര്‍ ഉള്‍പ്പെടെ ഒന്‍പത് ഓഫീസര്‍മാരെയും ഒന്‍പത് സ്‌ക്വാഡുകളായി പരിശോധനയ്ക്ക് നിയോഗിക്കും. കുടിവെള്ള സ്രോതസുകള്‍, സ്‌കൂളുകള്‍ക്ക് പരിസരത്തുള്ള ഹോട്ടലുകള്‍, കടകള്‍, ജ്യൂസ് കടകള്‍ തുടങ്ങിയ സ്ഥലങ്ങള്‍ പരിശോധിക്കും. പിഴവ് കണ്ടെത്തിയാല്‍ കര്‍ശന നിയമനടപടിയെടുക്കും.സ്‌കൂളുകളിലെ കുടിവെള്ളത്തിന്റെ സാമ്പിളുകളും പരിശോധിക്കും.  മൂന്നൂറു പേരില്‍ കൂടുതല്‍ പേര്‍ ക്യാമ്പായി താമസിച്ച സ്‌കൂളുകളില്‍ പുതുതായി പിവിസി സെപ്ടിക് ടാങ്കും ടോയ്‌ലറ്റ് സംവിധാനവും താല്‍ക്കാലികമായി സജീകരിച്ചു നല്‍കും. എഴിക്കാട് കോളനി, ചേരിക്കല്‍ കോളനി തുടങ്ങി കൂടുതല്‍ പേര്‍ താമസിക്കുന്ന സ്ഥലങ്ങളിലും ശൗചാലത്തിന് ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിലും താല്‍ക്കാലിക ശൗചാലയം സ്ഥാപിച്ചു നല്‍കും.
വാട്ടര്‍ അതോറിറ്റിയുടെ തിരുവല്ലയിലെ 25 പദ്ധതികളില്‍ 24 എണ്ണവും പ്രവര്‍ത്തനം തുടങ്ങി. പത്തനംതിട്ടയിലെ 49 പദ്ധതികളില്‍ 33 എണ്ണം പ്രവര്‍ത്തനം തുടങ്ങി. ചെളി കയറി തകരാറിലായ 16 എണ്ണത്തിന്റെ അറ്റകുറ്റപ്പണി പൂര്‍ത്തിയാകുന്നതിന് മൂന്നാഴ്ച വേണ്ടി വരും. പ്രളയ കെടുതിക്ക് ഇരയായ 247 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ടേക്ക് ഹോം കിറ്റ് അടിയന്തിരമായി വിതരണം ചെയ്യണമെന്ന് ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസര്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കി. വെളളം കയറി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരുടെ 50 വീടുകള്‍ക്ക് നാശമുണ്ടായി. ഇവര്‍ക്ക് അടിയന്തിരസഹായമായി 10,000 രൂപ ഉടന്‍ വിതരണം ചെയ്യണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.
പ്രളയത്തെ തുടര്‍ന്ന് പൊതുസ്ഥലങ്ങളില്‍ ഉള്‍പ്പെടെ അടിഞ്ഞിട്ടുള്ള എക്കല്‍ കാര്‍ഷികാവശ്യത്തിന് ഉപയുക്തമാക്കുന്നത് കൃഷി വകുപ്പ് പരിശോധിക്കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു. പഞ്ചായത്തുകളിലെ നിര്‍ദിഷ്ട സ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുമ്പോള്‍ ഇതു മണ്ണുമായി കലാരാതിരിക്കുന്നതിന് എല്ലാവരും ശ്രദ്ധിക്കണം. മണ്ണുമായി മാലിന്യങ്ങള്‍ കലര്‍ന്നാല്‍ സംസ്‌കരിക്കുന്നതിന് ക്ലീന്‍ കേരള കമ്പനിക്ക് കൈമാറുന്നതിന് ബുദ്ധിമുട്ടുണ്ടാകും. ശുചീകരണം കൂടുതല്‍ കാര്യക്ഷമം ആക്കുന്നതിന്റെ ഭാഗമായി ആവശ്യമുള്ള സ്ഥലങ്ങള്‍ ബന്ധപ്പെട്ട പഞ്ചായത്ത് സെക്രട്ടറിമാര്‍ നിശ്ചയിക്കുകയും പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടറെ അറിയിക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.