പത്തനംതിട്ട: വെള്ളപ്പൊക്കത്തില്‍ പഠനോപകരണങ്ങള്‍ നഷ്ടപ്പെട്ട ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളിലെ സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ്‌സ് സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് നോട്ടുബുക്കുകള്‍ വിതരണം ചെയ്തു. എസ്പിസി പദ്ധതിയുടെ ജില്ലാ നോഡല്‍ ഓഫീസറും അഡ്മിനിസ്‌ട്രേഷന്‍ ഡിവൈഎസ്പിയുമായ ആര്‍.പ്രദീപ് കുമാറിന്റെ നേതൃത്വത്തില്‍ ശേഖരിച്ച 3000 നോട്ട് ബുക്കുകള്‍ വിവിധ സ്‌കൂളുകളിലെ ഹെഡ്മാസ്റ്റര്‍മാര്‍ക്കും പ്രിന്‍സിപ്പല്‍മാര്‍ക്കുമാണ് കൈമാറിയത്. ഇതില്‍ എസ് വി എച്ച്എസ് പുല്ലാട്, സെന്റ് തോമസ് എച്ച്എസ് കോഴഞ്ചേരി, എസ് സി എസ് എച്ച് എസ് തിരുവല്ല, ജിഎച്ച്എസ് പത്തനംതിട്ട, എസ് സി എച്ച്എസ് റാന്നി, എസ് എച്ച് എസ് മൈലപ്ര, എന്‍എസ്എസ് എച്ച്എസ് തട്ട, കെആര്‍പിഎം എച്ച്എസ് സീതത്തോട് എന്നീ സ്‌കൂളുകള്‍ ഉള്‍പ്പെടുന്നു.
എസ്പിസി പദ്ധതി എഡിഎന്‍ഒ ജയദീപ്, പോലീസ് ഉദ്യോഗസ്ഥരായ അജിത് കുമാര്‍, രഞ്ജിത്ത്, രാജേഷ് എന്നിവര്‍ സന്നിഹിതരായിരുന്നു. വെള്ളപ്പൊക്കത്തില്‍ പൂര്‍ണമായും വീടു തകര്‍ന്ന അഞ്ച് എസ്പിസി കേഡറ്റുകള്‍ക്കും ഭാഗികമായി വീട് തകര്‍ന്ന 37 കേഡറ്റുകള്‍ക്കും എസ്പിസി യൂണിഫോം നഷ്ടപ്പെട്ട 87 കേഡറ്റുകള്‍ക്കും പല വിധത്തിലുള്ള നഷ്ടങ്ങള്‍ ഉണ്ടായ എസ്പിസി സ്‌കൂളുകളിലെ മറ്റ് നിരവധി വിദ്യാര്‍ഥികള്‍ക്കും എസ്പിസി പ്രോജക്ടിന്റെ ഭാഗത്തു നിന്നും കൂടുതല്‍ സഹായം വരും ദിവസങ്ങളില്‍ ലഭ്യമാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമെന്നും ഡിവൈഎസ്പി ആര്‍. പ്രദീപ് കുമാര്‍ അറിയിച്ചു.