കൊച്ചി: പ്രളയദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച സഹായധനം ബാങ്ക് അക്കൗണ്ടുകളില്‍ എത്തിത്തുടങ്ങി. വിവരശേഖരണം പൂര്‍ത്തിയാക്കി വില്ലേജ് ഓഫീസര്‍മാരും, തഹസില്‍ദാര്‍മാരും അംഗീകരിച്ച പട്ടിക പ്രകാരം ഇന്നലെ വൈകുന്നേരം വരെ 14621 പ്രളയദുരിതബാധിതരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 10,000 രൂപ വീതം ട്രഷറിയില്‍ നിന്നും കൈമാറാന്‍ നടപടിയായിട്ടുണ്ട്. ബാങ്ക് അക്കൗണ്ട് ഫോണ്‍ നമ്പറുമായി ലിങ്ക് ചെയ്തിട്ടുള്ളവര്‍ക്ക് പണം എത്തിയാലുടന്‍ ഇതു സംബന്ധിച്ച സന്ദേശം മൊബൈല്‍ ഫോണുകളില്‍ ലഭിക്കും. ദുരിതബാധിതരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട്  തുക നല്‍കുന്നതിനാല്‍ എവിടെയും ക്യൂ നില്‍ക്കേണ്ടതില്ല.
പ്രളയം ഏറ്റവും കൂടുതല്‍ കുടുംബങ്ങളെ ബാധിച്ച പറവൂര്‍ താലൂക്കില്‍ ഇന്നലെ 5500 ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക കൈമാറാനാണ് ട്രഷറിയിലേക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആലുവ – 2000, കൊച്ചി – 1500, കണയന്നൂര്‍ – 1121, കുന്നത്തുനാട് – 2000, മൂവാറ്റുപുഴ – 1250, കോതമംഗലം – 1250 എന്നിങ്ങനെയാണ് മറ്റ് താലൂക്കുകളില്‍ ആദ്യഘട്ടത്തില്‍ തഹസില്‍ദാര്‍മാര്‍ തുക അനുവദിച്ചിരിക്കുന്നവരുടെ എണ്ണം. വിവരശേഖരണം അന്തിമഘട്ടത്തിലെത്തിയ സാഹചര്യത്തില്‍ കൂടുതല്‍ അക്കൗണ്ടുകളിലേക്ക് ഇന്ന് (01-09-2018) പണമെത്തും.
ജില്ലയിലെ വിവിധ താലൂക്കുകളിലായി മൊത്തം 192021 കുടുംബങ്ങളെയാണ് പ്രളയം ബാധിച്ചത്. പറവൂര്‍ 89224, ആലുവ 42707, കണയന്നൂര്‍ 21357, കുന്നത്തുനാട് 15953, കൊച്ചി 10678, മൂവാറ്റുപുഴ 10121, കോതമംഗലം 1981 എന്നിങ്ങനെയാണ് കുടുംബങ്ങളുടെ എണ്ണം. ഇതില്‍ 77587 കുടുംബങ്ങളില്‍ നിന്നും ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ ഇതുവരെ വിവരശേഖരണം പൂര്‍ത്തിയാക്കി. ബ്ലോക്ക് തലത്തില്‍ ഇവ പരിശോധിച്ച ശേഷം താലൂക്കുകളിലേക്ക് കൈമാറുന്ന മുറയ്ക്കാണ് തഹസില്‍ദാര്‍മാര്‍ തുക അനുവദിക്കുന്നത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നും 6200 രൂപയും സംസ്ഥാന ദുരിതാശ്വാസനിധിയില്‍നിന്നും 3800 രൂപയുമടക്കം 10,000 രൂപയാണ് ഒരു കുടുംബത്തിന് അടിയന്തര ആശ്വാസധനമായി അനുവദിക്കുന്നത്. തുക വിതരണത്തിനായി തഹസില്‍ദാര്‍മാരുടെ ട്രഷറി അക്കൗണ്ടുകളിലേക്ക് 89,89,89,200 രൂപ അനുവദിച്ചിട്ടുണ്ട്. ഏറ്റവുംകൂടുതല്‍ തുക അനുവദിച്ചിട്ടുള്ളത് പറവൂര്‍ താലൂക്കിലാണ് – 23,93,82,000 രൂപ.  എറണാകുളം ജില്ലയെ പൂര്‍ണ്ണമായും പ്രളയബാധിതമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ ദാരിദ്ര്യ രേഖ മാനദണ്ഡമാക്കാതെ മുഴുവന്‍ പ്രളയദുരിതബാധിതര്‍ക്കും അടിയന്തര ധനസഹായം നല്‍കും.  വീടിനകത്ത് 48 മണിക്കൂറോ അതിലധികമോ സമയം വെള്ളം കെട്ടിനില്‍ക്കുകയോ മണ്ണിടിച്ചിലുണ്ടാവുകയോ ചെയ്ത എല്ലാ കുടുംബങ്ങള്‍ക്കും തുക ലഭിക്കും.
ദുരിതാശ്വാസത്തിന് അര്‍ഹരായവരെ കണ്ടെത്താന്‍ വില്ലേജ് ഓഫീസര്‍മാരെ സഹായിക്കുന്നതിന് ബൂത്ത് ലെവല്‍ ഓഫീസര്‍മാരെ നിയോഗിച്ചിരുന്നു. ബൂത്ത് തലത്തില്‍ തയാറാക്കുന്ന പട്ടിക ബ്ലോക്ക്, വില്ലേജ് അടിസ്ഥാനത്തില്‍ പരിശോധിച്ചാണ് ആവശ്യമെങ്കില്‍ തിരുത്തലുകളും കൂട്ടിച്ചേര്‍ക്കലുകളും വരുത്തി തഹസില്‍ദാര്‍മാര്‍ക്ക് കൈമാറുന്നത്. അര്‍ഹരായവര്‍ക്ക് ധനസഹായം ലഭിക്കുന്നതിനും അനര്‍ഹര്‍ പട്ടികയില്‍ കയറിപ്പറ്റില്ലെന്ന് ഉറപ്പാക്കുന്നതിനും പഴുതടച്ച സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്.  കുടുംബനാഥന്റെയോ നാഥയുടേയോ പേര്, ഫോണ്‍ നമ്പര്‍, വിലാസം, ബാങ്ക് അക്കൗണ്ട് നമ്പര്‍, ആധാര്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങളാണ് ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ ശേഖരിക്കുക.
അടിയന്തര ധനസഹായത്തിന് അര്‍ഹരായ മുഴുവന്‍ കുടുംബങ്ങള്‍ക്കും സംസ്ഥാനസര്‍ക്കാര്‍ നിര്‍ദ്ദേശിച്ച 22 അവശ്യവസ്തുക്കളടങ്ങിയ കിറ്റ് വിതരണവും ജില്ലയില്‍ പുരോഗമിക്കുകയാണ്. കാക്കനാടും പരിസരത്തുമായി പ്രവര്‍ത്തിക്കുന്ന കേന്ദ്രീകൃത ശേഖരണകേന്ദ്രങ്ങളില്‍ നിന്നും 80542 കിറ്റുകള്‍ ഇന്നലെ വൈകുന്നേരം വരെ വിവിധ താലൂക്കുകളിലെത്തിച്ചിട്ടുണ്ട്. 72000ലേറെ കുടുംബങ്ങള്‍ക്ക് കിറ്റുകളെത്തി. പ്രളയം ഗുരുതരമായി ബാധിച്ച പറവൂരില്‍ അമ്പതിനായിരത്തോളം കിറ്റുകളാണ് ഇതുവരെ വിതരണം ചെയ്തത്.