കൊച്ചി: ആരോഗ്യരംഗത്തെ മികച്ച പ്രവര്‍ത്തന മികവിന് പോപ്പുലേഷന്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ നല്‍കുന്ന ആറാമത് ജെആര്‍ഡി ടാറ്റ മെമ്മോറിയല്‍ പുരസ്‌കാരം എറണാകുളം ജില്ലയ്ക്ക്. ഒക്ടോബര്‍ 12 ന് ഡല്‍ഹി ഇന്ത്യന്‍ ഹാബിറ്റാറ്റ് സെന്ററിലെ സ്റ്റീന്‍ ഓഡിറ്റോറിയത്തില്‍ ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള പുരസ്‌കാരം ഏറ്റുവാങ്ങും.
നോണ്‍-ഹൈ ഫോക്കസ് ലാര്‍ജ് സ്റ്റേറ്റ്സ് – ഹൈ വെല്‍ത്ത് ലെവല്‍ വിഭാഗത്തിലുള്ള പുരസ്‌കാരമാണ് ജില്ലയ്ക്ക് ലഭിച്ചിരിക്കുന്നത്. പ്രസവരക്ഷ, കുടുംബാസൂത്രണം, കുടിവെള്ളം, പരിസര ശുചീകരണം, വനിതകളുടെ വിദ്യാഭ്യാസം, വിവാഹവും പ്രത്യുത്പാദന ശേഷിയും, അനീമിയ, കുട്ടികളുടെ ആരോഗ്യവും പോഷകാഹാരവും എന്നീ മേഖലകളിലെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടുള്ള 15 സൂചകങ്ങളെ അടിസ്ഥാനമാക്കി സാങ്കേതിക ഉപദേശക സമിതിയാണ് പുരസ്‌കാരത്തിന് ജില്ലയെ തിരഞ്ഞെടുത്തത്.
ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും ചേര്‍ന്ന് നടപ്പാക്കിയ അഞ്ച് പദ്ധതികള്‍ക്കുള്ള അംഗീകാരമാണ് പുരസ്‌കാരമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. മാലിന്യമകറ്റാം രോഗങ്ങളും, ഇമ്മ്യൂണൈസ് എറണാകുളം, അതിഥിദേവോ ഭവ, നല്ല ഭാവിക്കായി നല്ല ശീലങ്ങള്‍, ടിബി ഫ്രീ എറണാകുളം എന്നിവയാണ് ഈ പദ്ധതികള്‍. ആരോഗ്യമുള്ള എറണാകുളത്തിനായി ഒന്നിക്കാം എന്ന പ്രചാരണപരിപാടിക്ക് കീഴിലാണ് ഈ അഞ്ചു പദ്ധതികള്‍ നടപ്പാക്കിയത്.
പൊതുജനാരോഗ്യ സംരക്ഷണത്തിന് ജനങ്ങളുടെ പങ്കാളിത്തം പരമാവധി ഉറപ്പാക്കിയുള്ള പ്രവര്‍ത്തനമാണ് ജില്ലയില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്നതെന്ന് കളക്ടര്‍ പറഞ്ഞു. ക്ലബ്ബുകള്‍, റെസിഡന്റ്‌സ് അസോസിയേഷനുകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹകരണത്തിലൂടെ ജനങ്ങളുടെ നേരിട്ടുള്ള ഇടപെടല്‍ ഉറപ്പാക്കിയാണ് ജില്ല മുന്നേറുന്നത്. പ്രതിരോധ കുത്തിവെയ്പ്പ്, മാലിന്യനിര്‍മ്മാര്‍ജനവും പരിസര ശുചിത്വം, സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യ സംരക്ഷണം, ജീവിത ശൈലി രോഗങ്ങള്‍ക്കെതിരായ പ്രതിരോധം തുടങ്ങി വിവിധ മേഖലകളില്‍ കൃത്യമായ ആസൂത്രണത്തോടെ സമഗ്രമായ പദ്ധതികളാണ് ആരോഗ്യ വകുപ്പ് നടപ്പാക്കുന്നത്.
ജില്ല ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ദേശീയ ആരോഗ്യദൗത്യത്തിനു കീഴില്‍ ആരോഗ്യമുള്ള എറണാകുളത്തിനായി ഒന്നിക്കാം എന്ന പ്രചാരണ പരിപാടിയില്‍ വിപുലമായ പ്രവര്‍ത്തനമാണ് നടന്നത്. പകര്‍ച്ചവ്യാധികള്‍, പ്രതിരോധപ്രവര്‍ത്തനങ്ങളിലെ കുറവ്, ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയിലെ ആരോഗ്യപ്രശ്‌നങ്ങള്‍, ക്ഷയരോഗം മൂലമുള്ള പ്രശ്‌നങ്ങള്‍, ജീവിതശൈലീരോഗങ്ങള്‍ തുടങ്ങി ജില്ലയിലെ ആരോഗ്യമേഖല നേരിടുന്ന പ്രശ്‌നങ്ങളെ അതിജീവിക്കുന്നതിനുള്ള സമഗ്ര പ്രചാരണ പരിപാടിയാണിത്.
ആരോഗ്യമുള്ള എറണാകുളത്തിനായി ഒന്നിക്കാം പ്രചാരണ പരിപാടിക്കായി യു ഫോര്‍ എച്ച്ഇ (യുണൈറ്റ് ഫോര്‍ ഹെല്‍ത്തി എറണാകുളം) എന്ന മൊബൈല്‍ ആപ്ലിക്കേഷനും പുറത്തിറക്കിയിട്ടുണ്ട്. സര്‍ക്കാര്‍ ആശുപത്രികള്‍ക്കു പുറമേ സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടുന്ന രോഗികളുടെ സമഗ്ര വിവര ശേഖരണമാണ് ആപ്പിലൂടെ ലക്ഷ്യമിടുന്നത്. സ്വകാര്യ ആശുപത്രികളില്‍ നിന്നുള്ള വിവരങ്ങള്‍ ഇതുവരെ ജില്ലയില്‍ ലഭ്യമായിരുന്നില്ല. ആപ്പ് നിലവില്‍ വന്നതോടെ രോഗങ്ങളെക്കുറിച്ചുള്ള ജില്ലയിലെ മുഴുവന്‍ വിവരങ്ങളും ലഭ്യമാണ്.
മഴക്കാല പൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി ആരംഭിച്ച മാലിന്യമകറ്റാം രോഗങ്ങളും പ്രചാരണ പരിപാടിയിലൂടെ മാലിന്യ നിര്‍മ്മാര്‍ജനത്തിനും കൊതുക് നശീകരണത്തിനും കുടിവെളള ക്ലോറിനേഷനും മുന്‍ഗണന നല്‍കികൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. ഓരോ മേഖലയും കൃത്യമായി മാപ്പിംഗ് നടത്തിയായിരുന്നു പ്രവര്‍ത്തനം. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ മാലിന്യ നിര്‍മ്മാര്‍ജന യൂണിറ്റുകളും ബയോഗ്യാസ് പ്ലാന്റുകളും തയാറാക്കി. ശുചിത്വ മിഷന്റെ സഹകരണവും പരിപാടിക്കുണ്ടായിരുന്നു.
സര്‍ക്കാര്‍ ഓഫീസുകളടക്കം എല്ലാ സ്ഥാപനങ്ങളിലും ഹരിത മാര്‍ഗരേഖ നടപ്പാക്കുന്നതിനുള്ള പദ്ധതികളും ഇതിന്റെ ഭാഗമായി നടപ്പാക്കി. ഹരിതമാര്‍ഗരേഖ പ്രകാരം ചടങ്ങുകള്‍ക്ക് ഫ്ളക്സും പ്ലാസ്റ്റിക്/ ഡിസ്പോസിബിള്‍ ഗ്ലാസുകള്‍ പ്ലേറ്റുകളും ഒഴിവാക്കി. വീണ്ടും ഉപയോഗിക്കാനാവുന്ന വസ്തുക്കള്‍ പരമാവധി പുനരുപയോഗം നടത്തിയും പുന:ചംക്രമണം ചെയ്യാവുന്ന വസ്തുക്കള്‍ അത്തരത്തില്‍ ചെയ്യുന്നതിനാവശ്യമായ വിധത്തില്‍ വേര്‍തിരിച്ചു ശേഖരിക്കുന്നതിനും അതാത് എജന്‍സികള്‍ക്ക് എത്തിച്ചുകൊടുക്കുന്നതിനും ശ്രദ്ധിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളും ഇതിന്റെ ഭാഗമായി നടത്തി.
ഓരോ മാസത്തെയും പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനായി പ്രത്യേക സമിതിയെയും സ്ഥാപനങ്ങളില്‍ നിയോഗിച്ചു. മാലിന്യ സംസ്‌കരണത്തെക്കുറിച്ചും ശാസ്ത്രീയ മാര്‍ഗങ്ങളെക്കുറിച്ചും സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് അവബോധം നല്‍കി. എല്ലാ തദ്ദേശ സ്ഥാപനങ്ങള്‍ക്കും വീടുകളില്‍ നിന്നുള്ള മാലിന്യങ്ങള്‍ ശരിയായി സംസ്‌കരിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി. കുടുംബശ്രീ, റെസിഡന്‍സ് അസോസിയേഷന്‍ എന്നിവര്‍ക്കും മാലിന്യ സംസ്‌കരണത്തെക്കുറിച്ചുള്ള അവബോധം നല്‍കി. സ്‌കൂളുകളില്‍ അശാസ്ത്രീയ മാലിന്യ സംസ്‌കരണത്തിന്റെ ദോഷവശങ്ങളെക്കുറിച്ച് വിപുലമായ പ്രചാരണം നടത്തി. ആശപ്രവര്‍ത്തകരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ ബ്ലീച്ചിംഗ് പൗഡര്‍ ഉപയോഗിച്ച് ശുചീകരണവും നടപ്പാക്കി.
പ്രതിരോധ കുത്തിവെയ്പ്പുകളുടെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ഇമ്മ്യൂണൈസ് എറണാകുളം പരിപാടിയില്‍ ഉള്‍പ്പെടുത്തിയത്. ജില്ലയിലെ നാല് മെഡിക്കല്‍ കോളേജുകള്‍ എല്ലാ താലൂക്കുകളിലും വിവര ശേഖരണം നടത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി തയാറാക്കിയത്. ഈ പരിപാടി ഇപ്പോഴും പുരോഗമിക്കുകയാണ്. ഔദ്യോഗിക കണക്കനുസരിച്ച് പൂര്‍ണ്ണമായി പ്രതിരോധ കുത്തിവെയ്പ്പ് എടുക്കാത്ത 851 കുട്ടികളാണുണ്ടായിരുന്നത്. ഈ കുട്ടികളുടെ വീട്ടിലെത്തി പ്രതിരോധ കുത്തിവെയ്പ്പ് എടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധ്യപ്പെടുത്തി. ഒരു ഡോക്ടര്‍, ജില്ല കളക്ടറുടെ പ്രതിനിധി, തദ്ദേശ സ്ഥാപന പ്രതിനിധി എന്നിവരടങ്ങുന്ന സംഘമാണ് സന്ദര്‍ശനം നടത്തിയിരുന്നത്. പ്രതിരോധ കുത്തിവെയ്പ്പ് എടുക്കാതിരുന്നാല്‍ മാരക രോഗങ്ങള്‍ വരാനുള്ള സാധ്യതയും അവര്‍ക്ക് വിശദീകരിച്ചു നല്‍കി. നിരവധി വ്യാജ പ്രചാരണങ്ങളാണ് സോഷ്യല്‍ മീഡിയയിലടക്കം വാക്സിനേഷനെതിരേ വന്നുകൊണ്ടിരുന്നത്. ഇതിനെ പ്രതിരോധിക്കാനായി വ്യാപകമായ പ്രചാരണ പരിപാടികളാണ് നടത്തിയത്. പി എച്ച് സി, സി എച്ച് സി, സബ് സെന്ററുകള്‍, മറ്റ് ആരോഗ്യസ്ഥാപനങ്ങള്‍ എന്നിവയുടെ പൂര്‍ണ സഹകരണവും ഉറപ്പാക്കിയിരുന്നു. മീസില്‍സ് റുബെല്ല വാക്സിനേഷന്‍ ക്യാംപെയ്ന്റെ ഭാഗമായി വിവിധ തലങ്ങളില്‍ പരിശീലനവും സംഘടിപ്പിച്ചു. ഇതേ തുടര്‍ന്ന് ജില്ലയില്‍ 89% വാക്സിനേഷന്‍ നല്‍കാന്‍ കഴിഞ്ഞു.
2020 ല്‍ രാജ്യത്തെ ടിബി വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ദേശീയ തലത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ടിബി ഫ്രീ കൊച്ചി പദ്ധതി ആരംഭിച്ചത്. പുതുക്കിയ ക്ഷയരോഗ നിര്‍മ്മാര്‍ജന പരിപാടിയും നടപ്പാക്കി വരുന്നു. ടിബി രോഗികളെ കണ്ടെത്തി ചികിത്സ ലഭ്യമാക്കുന്നതിനാണ് പദ്ധതി തയാറാക്കിയത്. സര്‍ക്കാര്‍ ആശുപത്രികളില്‍ ടിബി ചികിത്സയ്ക്ക് പ്രത്യേക സംവിധാനവും ഏര്‍പ്പെടുത്തി. ഓരോ പഞ്ചായത്തിലും കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെയുണ്ടായ ടിബി രോഗബാധയുടെ കണക്ക് ശേഖരിച്ച ശേഷമാണ് ടിബി ഫ്രീ പദ്ധതി നടപ്പാക്കിയത്. ടിബി രോഗികളുടെ സ്പോട്ട് മാപ്പിംഗ്, വള്‍നെറബിലിറ്റി സര്‍വേ എന്നിവയും നടത്തി.
നല്ല ഭാവിക്കായി നല്ല ശീലങ്ങള്‍ എന്ന പദ്ധതിയില്‍ കുട്ടികളില്‍ നല്ല ശീലങ്ങള്‍ വളര്‍ത്തുന്നതിനാവശ്യമായ പരിപാടികളാണ് നടപ്പാക്കിയത്. പുകയിലയ്ക്കും പുകവലിക്കുമെതിരായ ബോധവത്കരണം, ജീവിത ശൈലി രോഗങ്ങള്‍ തടയുന്നതിന് ആരോഗ്യകരമായ ജീവിത ശീലങ്ങള്‍, നല്ല ഭക്ഷണത്തിന്റെ പ്രാധാന്യം തുടങ്ങിയ സംബന്ധിച്ച് ജില്ലാതലത്തില്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് അവബോധം നല്‍കി വരുന്നു. മയക്കുമരുന്ന്, മദ്യം. പുകവലി തുടങ്ങിയ ശീലങ്ങളിലേക്ക് കുട്ടികള്‍ വഴിതെറ്റി വീഴാനുള്ള സാധ്യത മുന്നില്‍ക്കണ്ട് ജാഗ്രതയോടെയുള്ള പ്രവര്‍ത്തനമാണ് പരിപാടിയില്‍ നടപ്പാക്കുന്നത്. ഫാസ്റ്റ് ഫുഡില്‍ നിന്നും പ്രകൃതിദത്ത ഭക്ഷണ ശീലങ്ങളിലേക്കുള്ള ആഹ്വാനവും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇതര സംസ്ഥാന തൊഴിലാളികളെ ലക്ഷ്യമിട്ട് നടപ്പാക്കിയ പദ്ധതിയാണ് അതിഥി ദേവോ ഭവ. ഇതര സംസ്ഥാന തൊഴിലാളികളെ ആരോഗ്യ രംഗവുമായി കൂട്ടിച്ചേര്‍ക്കുക എന്ന ദൗത്യമാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലത്തും തൊഴിലിടങ്ങളിലും ക്യാംപുകള്‍ സംഘടിപ്പിച്ച് ഇവരുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച വിശദമായ പഠനം നടത്തി. ഇവര്‍ക്കുള്ള രോഗങ്ങള്‍, അതിനാവശ്യമായ ചികിത്സ എന്നിവ സംബന്ധിച്ച അവബോധവും നല്‍കി. തൊഴില്‍ വകുപ്പിന്റെ സഹകരണത്തോടെയാണ് ക്യാംപുകള്‍ സംഘടിപ്പിച്ചത്. 112 ക്യാംപുകളാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി സംഘടിപ്പിച്ചത്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ കണ്ടെത്തിയവര്‍ക്ക് ചികിത്സ ലഭ്യമാക്കി.
ജിപിഎസ് വഴി വിവിധ ആബുലന്‍സുകളുടെ സേവനം ലഭ്യമാക്കുന്ന സംവിധാനവും ജില്ലയില്‍ ജനറല്‍ ആശുപത്രി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നു. ജനറല്‍ ആശുപത്രിയിലെ കോള്‍ സെന്ററില്‍ ബന്ധപ്പെട്ടാല്‍ അടിയന്തര ഘട്ടങ്ങളില്‍ ഏറ്റവും അടുത്തുള്ള ആംബുലന്‍സിലേക്ക് സന്ദേശമെത്തുകയും രോഗിയെ ഉടന്‍ ആശുത്രിയിലെത്തിക്കാനും സാധിക്കും. കൂടാതെ കുട്ടമ്പുഴയിലെ ആദിവാസി ഊരുകള്‍ കേന്ദ്രീകരിച്ച് ഊര് ആശ എന്ന പദ്ധതിയും വിജയകരമായി പുരോമഗിക്കുകയാണ്. ചികിത്സാ സൗകര്യം ലഭ്യമല്ലാത്ത ആദിവാസി ഊരുകളില്‍ ഊര് ആശകള്‍ക്ക് പരിശീലനം നല്‍കി പ്രാഥമിക ചികിത്സ നല്‍കുന്ന പദ്ധതിയാണിത്. വഴിയാത്രക്കാര്‍ക്ക് അടിയന്തര ചികിത്സ ലഭ്യമാക്കുന്ന വഴികാട്ടി പദ്ധതിയും ജില്ലയില്‍ നടപ്പാക്കുന്നുണ്ട്.
സമസ്ത മേഖലകളെയും സ്പര്‍ശിക്കുന്ന സമഗ്ര പദ്ധതികളാണ് ജില്ലയില്‍ ആരോഗ്യമേഖലയില്‍ പുരോഗമിക്കുന്നത്. രണ്ടു ലക്ഷം രൂപയാണ് ജെഡി ടാറ്റ മെമ്മോറിയല്‍ പുരസ്‌കാര തുക. നീതി ആയോഗ് വൈസ് ചെയര്‍മാന്‍ ഡോ. രാജീവ് കുമാര്‍ നയിക്കുന്ന പ്രഭാഷണവും അവാര്‍ഡ് ദാന ചടങ്ങിനോടനുബന്ധിച്ച് നടക്കും.