പമ്പയിലും പരിസരപ്രദേശങ്ങളിലും പമ്പ എക്സൈസ് റേഞ്ച് സംഘം ഒരാഴ്ചയ്ക്കിടെ നടത്തിയ പരിശോധനയില്‍ 171 കോട്പാ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 34,200 രൂപ പിഴയീടാക്കി. നിരോധിത പുകയില ഉത്പന്നങ്ങള്‍, സിഗരറ്റ് എന്നിവ വിറ്റതിനും പൊതുസ്ഥലത്ത് പുകവലിച്ചതിനുമാണ് കേസുകള്‍. വില്‍പനക്കായി കൊണ്ടുവന്ന അഞ്ചുകിലോ നിരോധിത പുകയില ഉത്പന്നങ്ങള്‍, 112 പാക്കറ്റ് സിഗരറ്റ്, 210 പാക്കറ്റ് ബീഡി എന്നിവ പിടികൂടി. ഡിസംബര്‍ 15 മുതല്‍ 21 വരെ നടത്തിയ പരിശോധനയിലാണ് നടപടി.

ശബരിമലയും പരിസരപ്രദേശങ്ങളും മദ്യം, പുകയില, മറ്റ് ലഹരി വസ്തുക്കള്‍ എന്നിവയുടെ നിരോധിതമേഖലയായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് പമ്പ, നിലയ്ക്കല്‍, സന്നിധാനം എന്നിവിടങ്ങളില്‍ താത്കാലിക എക്സൈസ് റേഞ്ച് ഓഫീസുകള്‍ സ്ഥാപിച്ചിട്ടുണ്ട്. പമ്പയിലും പരിസരപ്രദേശങ്ങളിലും ഇവയുമായി ബന്ധപ്പെട്ട പരാതികള്‍ പമ്പ പോലീസ് കണ്‍ട്രോള്‍ റൂമിന് എതിര്‍വശം ദേവസ്വം ബോര്‍ഡ് മരാമത്ത് കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന താല്‍ക്കാലിക എക്സൈസ് റെയ്ഞ്ച് ഓഫീസില്‍ അറിയിക്കാം. ഫോണ്‍: പമ്പ റെയിഞ്ച്: 04735203432. എക്സൈസ് കണ്‍ട്രോള്‍ റൂം പമ്പ: 0473 5203332