കൊച്ചി: പ്രളയം ഇരുട്ടിലാഴ്ത്തിയ മുഴുവന്‍ വീടുകളിലും കെ.എസ്.ഇ.ബി വെളിച്ചമെത്തിച്ചു. പ്രളയദുരന്തത്തെ തുടര്‍ന്ന് വൈദ്യുതി ബന്ധം തകരാറിലായ ജില്ലയിലെ മുഴുവന്‍ വീടുകളിലും വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു. നാല് ലക്ഷത്തോളം ഉപഭോക്കാക്കള്‍ക്കും 4000 ത്തോളം ട്രാന്‍സ്‌ഫോര്‍മറുകള്‍ക്കും ഇതിനകം വൈദ്യുതി ബന്ധം പുന:സ്ഥാപിച്ചു കഴിഞ്ഞു. പ്രളയം മൂലം പ്രവര്‍ത്തനം നിലച്ച 110 കെ.വി സബ് സ്റ്റേഷനുകളായ കുറുമശ്ശേരി റയണ്‍പുരം., മലയാറ്റൂര്‍ എന്നിവിടങ്ങളിലും 33 കെ .വി സബ് സ്റ്റേഷനുകളായ ആലങ്ങാട്, കൂവപ്പടി, വടക്കേകര, കാലടി,കുറുപ്പുംപടി എന്നിവിടങ്ങളിലും വൈദ്യുതി പുന:സ്ഥാപിച്ചിരുന്നു. ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് മടങ്ങിയെത്താന്‍ കഴിയാത്ത ഉപഭോക്താക്കളുടെ വീടുകള്‍ ഒഴിച്ച് എല്ലാ വീടുകളിലും വൈദ്യുതി എത്തിച്ചു.
മിഷന്‍ റി കണക്ട് പ്രത്യേക ദൗത്യത്തില്‍ വയര്‍മെന്‍, ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍മാര്‍, ചെറുകിട വ്യവസായ അസോസിയേഷന്‍, എ ഗ്രേഡ് ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടര്‍ന്മാര്‍, ബിടെക് ഡിപ്ലോമ ഐ ടി ഐ വിദ്യാര്‍ത്ഥികള്‍, വൈദ്യുതി ബോര്‍ഡിലെ ഇതര ജില്ലയില്‍ നിന്നും വന്ന ജീവനക്കാര്‍, ബോര്‍ഡിലെ ഓഫീസര്‍ സംഘടനാ പ്രതിനിധികള്‍, ബോര്‍ഡിലെ ട്രേഡ് യൂണിയനുകള്‍ മറ്റ് സന്നദ്ധ സംഘടനാ പ്രതിനിധികള്‍, ബോര്‍ഡിലെ മുന്‍ ജീവനക്കാര്‍, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെറ്ററേറ്റ്, ജനപ്രതിനിധികള്‍ എന്നിവരെ ഉള്‍പ്പെടുത്തി നടത്തിയ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഭാഗമായിട്ടാണ് ജില്ലയിലെ വൈദ്യുതി തകരാറുകള്‍ പൂര്‍ണമായും പരിഹരിക്കാന്‍ കഴിഞ്ഞത്.സിസ്റ്റം ഓപ്പറേഷന്‍ ചീഫ് എഞ്ചിനിയര്‍ കേശവദാസിന്റെ നേതൃത്വത്തില്‍ ആണ് എറണാകുളം ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. എന്തെങ്കിലും സഹായം ആവശ്യമുള്ളവര്‍ 9496008864 നമ്പറില്‍ ബന്ധപ്പെടണം.