കൊച്ചി: വെള്ളപ്പൊക്കം പൂര്‍ണമായും തകര്‍ത്തു കളഞ്ഞ ആവണംകോട് ജീവിതത്തിലേക്കു തിരിച്ചു കയറുന്നു. കിണറിലെ വെള്ളം ഉപയോഗിക്കാറായില്ലെങ്കിലും പകരം സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി
എല്ലാവരും ക്യാമ്പ് വിട്ട് വീടുകളിലേക്കെത്തി തുടങ്ങി. താമസ യോഗ്യമല്ലാത്ത 25 വീടുകളുള്ള കുടുംബങ്ങള്‍ മറ്റു താമസ സ്ഥലങ്ങളിലേക്കു മാറി.
നെടുമ്പാശ്ശേരി പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ ഉള്‍പ്പെട്ടതാണ് ആവണംകോട്. ചെങ്ങല്‍ തോട്ടില്‍ നിന്നും ഇരച്ചു കയറിയ വെള്ളം 325 കുടുംബങ്ങളെയാണ് മുക്കി കളഞ്ഞത്. പട്ടികജാതി കോളനിയിലെ 150 വീടുകളും ഇതില്‍ പെടും. എട്ട് അടി ഉയരത്തിലാണ് ഇവിടെ വെള്ളം ഉയര്‍ന്നത്. ഓടിട്ട വീടുകളെല്ലാം പൂര്‍ണമായും മുങ്ങി. പ്രദേശവാസികളുടെ ജാഗ്രത മൂലം മുഴുവന്‍ പേരെയും സ്ഥലം മാറ്റാന്‍ കഴിഞ്ഞു.
നിരവധി പശുക്കളും പോത്തുകളും വെള്ളത്തില്‍ ഒലിച്ചുപോയി.വെള്ളം ഇറങ്ങിയതിനു ശേഷം ചത്ത പശുക്കളുടെയും പോത്തുകളുടെയും മൃതദേഹങ്ങള്‍ സംസ്‌കരിക്കുകയായിരുന്ന ജനങ്ങള്‍ നേരിട്ട ആദ്യ വെല്ലുവിളി. 60 നടുത്ത് മൃഗങ്ങളെയാണ് പ്രദേശത്ത് സംസ്‌കരിച്ചത്. സമീപങ്ങളില്‍ നിന്നും ഒഴുകി വന്ന മൃഗങ്ങള്‍ വന്നടിഞ്ഞതും ബുദ്ധിമുട്ടുണ്ടാക്കി.
സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നുള്ള സന്നദ്ധ പ്രവര്‍ത്തകര്‍ എത്തിയാണ് വൃത്തിയാക്കല്‍ ജോലികള്‍ പൂര്‍ത്തിയാക്കിയത്. കണ്ണൂര്‍, കോഴിക്കോട് , മലപ്പുറം കൊല്ലം, ഇടുക്കി തടങ്ങിയ ജില്ലകളില്‍ നിന്നെത്തിയവര്‍ ശുചീകരണത്തിന് നേതൃത്യം നല്‍കി. കോയമ്പത്തൂരില്‍ നിന്നുള്ള സംഘവും സഹായിക്കാനെത്തി. അങ്കമാലി മുനിസിപ്പാലിറ്റിയിലെ യുവജന കൂട്ടായ്മ എത്തിയത് ജനങ്ങള്‍ക്ക് ഏറെ ഗുണം ചെയ്തു.
ചെളി പിടിച്ചു കിടന്ന വീടുകളുടെ രണ്ടു ഘട്ടം വൃത്തിയാക്കല്‍ പൂര്‍ത്തിയായി. കിണുകള്‍ ക്ലോറിനേഷന്‍ നടത്തി. ഭൂരിഭാഗം വീടുകളിലും വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു. വാട്ടര്‍ കണക്ഷനുകളെല്ലാം പ്രവര്‍ത്തിച്ചു തുടങ്ങി. ചിലയിടങ്ങളില്‍ ടാങ്കര്‍ ലോറികളില്‍ കുടിവെള്ളമെത്തിക്കുന്നുണ്ട്.
ക്യാമ്പുകള്‍ മുഴുവനും ഇന്നലെയോടെ പിരിച്ചുവിട്ടതായി വാര്‍ഡ് മെമ്പര്‍ കെ.ടി. റെജി പറഞ്ഞു. ഒരു വീട്ടില്‍ വൈദ്യുതി ലഭിക്കാനുണ്ട്. ഇലക്ട്രിക്കല്‍ പോസ്റ്റ് എന്ന സ്ഥാപിച്ചാല്‍ മാത്രമേ ഇവിടെ വൈദ്യുതി ലഭിക്കൂ.
പ്രളയം നനച്ചു കളഞ്ഞ ജീവിതം ഉണക്കി തിരികെ പിടിക്കാമെന്നുള്ള പ്രതീക്ഷയിലാണ് എല്ലാവരും.
ക്യാപ്ഷന്‍: മോര്‍ണിംഗ് സ്റ്റാര്‍ ഹോം സയന്‍സിലെ കോളജിലെ വിദ്യാര്‍ത്ഥികള്‍ ആവണംകോട് കമ്മ്യൂണിറ്റി ഹാള്‍ ശുചീകരിക്കുന്നു .