കൊച്ചി: പ്രളയത്തില്‍ കനത്ത നാശനഷ്ടം സംഭവിച്ച ചേരാനെല്ലൂര്‍ പഞ്ചായത്തിനെ പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ പദ്ധതി തയാറായി. എല്ലാ വിധത്തിലും ജനങ്ങളെ സാധാരണ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ട് വരിക എന്ന ലക്ഷ്യത്തോടെയാണ് ഹൈബി ഈഡന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ ‘ചേരാം ചേരാനല്ലൂരിനൊപ്പം’ എന്ന പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. ചേരാനല്ലൂര്‍ ഗ്രാമ പഞ്ചായത്തിനെ ദ്രുതഗതിയില്‍ പുനര്‍നിര്‍മ്മിക്കുമെന്ന് എം എല്‍ എ പറഞ്ഞു. പൂര്‍ണ്ണമായും ഭാഗികമായും തകര്‍ന്ന വീടുകളുടെ ലിസ്റ്റ് തയ്യാറാക്കുവാന്‍ വില്ലേജ് ഓഫീസര്‍ക്ക് പ്രത്യേക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വീടുകള്‍ പുനര്‍ നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പഞ്ചായത്തിലെ 17 വാര്‍ഡുകളിലായി 7500 ഓളം കുടുംബങ്ങളാണ് പ്രളയ ദുരിതബാധിതരായത്. മുപ്പതിനായിരത്തിലധികം ആളുകള്‍ക്ക് വീടുകളില്‍ നിന്ന് ഒഴിഞ്ഞു പോകേണ്ടി വന്നു.
പ്രളയാനന്തരം വെള്ളം കയറിയ വീടുകള്‍ ശുചീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍, സന്നദ്ധ സംഘടനകള്‍, റെസിഡന്റ്‌സ് അസോസിയേഷനുകള്‍ എന്നിവരുടെ സഹകരണത്തോടെയാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നത്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ബ്ലീച്ചിംഗ് പൗഡര്‍, ഫിനോയില്‍ മുതലായവ എം.എല്‍.എ തന്നെ പഞ്ചായത്തില്‍ എത്തിച്ചിരുന്നു. ശുചീകരണം നടക്കുന്ന മിക്കവാറും പ്രദേശങ്ങളില്‍ കുടിവെള്ളവും ലഘു ഭക്ഷണവും വിതരണം ചെയ്തു. വ്യക്തികളില്‍ നിന്നും സന്നദ്ധ സംഘടനകളില്‍ നിന്നും ശേഖരിച്ച നിത്യോപയോഗ സാധനങ്ങളുടെ കിറ്റ് ദുരിതബാധിതരുടെ വീടുകളില്‍ എത്തിച്ചു. ഇതിന് പുറമേ ജില്ലാ ഭരണ കൂടം തയ്യാറാക്കിയ കിറ്റുകളും ഓരോ വീടുകളിലും എത്തിക്കുന്നുണ്ട്.
കൊച്ചിന്‍ കാര്‍ഡിയാക് ഫോറവുമായി സഹകരിച്ച് ചേരാനല്ലുര്‍ പഞ്ചായത്തിലെ ചിറ്റൂര്‍ ഗവ.എല്‍.പി സ്‌കൂള്‍, ചേരാനല്ലൂര്‍ ഗവ.എല്‍.പി സ്‌കൂള്‍ എന്നിവിടങ്ങളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സ്‌കൂള്‍ കിറ്റുകള്‍ വിതരണം ചെയ്തു. ചേരാനല്ലൂര്‍ പഞ്ചായത്തിലെ ജനപ്രതിനിധികളും, കൊച്ചിന്‍ കാര്‍ഡിയാക് ഫോറത്തില്‍ നിന്നും ഡോ.ജിമ്മി ജോര്‍ജ്, ഡോ.പോള്‍ തോമസ്, വി.ആര്‍ രാജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
വെള്ളപ്പൊക്കം മൂലമുണ്ടായ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള നടപടികളും പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്. ജെ സി ബി അടക്കമുള്ള വാഹനങ്ങള്‍ സജ്ജമാണ്. പ്രളയാനന്തരം ഉണ്ടാകാനിടയുള്ള പകര്‍ച്ച വ്യാധികള്‍ കണക്കിലെടുത്ത് ആസ്റ്റര്‍ മെഡിസിറ്റിയുമായി സഹകരിച്ച് പഞ്ചായത്തില്‍ മൂന്ന് മെഡിക്കല്‍ ക്യാമ്പുകള്‍ ഉടന്‍ സംഘടിപ്പിക്കും.
ദുരന്തബാധിതര്‍ക്ക് ഉണ്ടായേക്കാവുന്ന മാനസിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പോസ്റ്റ് ട്രൊമാറ്റിക് സ്‌ട്രെസ് ഡിസോര്‍ഡര്‍ സംബന്ധിച്ച ബോധവത്ക്കരണം നടത്തും. രാജഗിരി ഔട്ട് റീച്ചും എറണാകുളം സെന്റ് തെരേസാസ് കോളേജുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
പ്രകൃതി ക്ഷോഭം തകര്‍ത്തെറിഞ്ഞ വീടുകളെ ക്കുറിച്ച് വിശദമായ പഠനം നടത്തി പൂര്‍ണ്ണമായി തകര്‍ന്ന വീടുകളില്‍ ആദ്യത്തെ വീടിന്റെ നിര്‍മ്മാണം 15 ദിവസത്തിനുള്ളില്‍ ആരംഭിക്കുമെന്ന് എംഎല്‍എ പറഞ്ഞു. വരുമാന മാര്‍ഗ്ഗം നഷ്ടപ്പെട്ട മത്സ്യ തൊഴിലാളികള്‍ക്ക് അവരുടെ ജീവിതമാര്‍ഗ്ഗം പുനരാരംഭിക്കുന്നതിന് വേണ്ട നടപടികളും ഉടന്‍ സ്വീകരിക്കും. ചേരാനല്ലൂര്‍ പഞ്ചായത്തില്‍ വെള്ളപ്പൊക്കം മൂലം തകര്‍ന്ന റോഡുകളെ സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് തയ്യാറാക്കുവാന്‍ പൊതുമരാമത്ത് വകുപ്പിനോടും പഞ്ചായത്തിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. തകര്‍ന്ന റോഡുകള്‍ പുനരുദ്ധാരണം ചെയ്യുന്നതിന് വിവിധ ഫണ്ടുകള്‍ ഏകോപിപ്പിക്കും. ആവശ്യാനുസരണം എം.എല്‍.എ ഫണ്ടും പദ്ധതിക്കായി ചെലവാക്കും. എത്രയും പെട്ടെന്ന് ചേരാനല്ലൂരിനെ പൂര്‍വ്വ സ്ഥിതിയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നതെന്നും എം.എല്‍.എ പറഞ്ഞു.