മുളന്തുരുത്തി: ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള പ്രളയബാധിത പ്രദേശങ്ങളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നു. മണീട് പഞ്ചായത്തിലെ വീടുകളുടെ ശുചീകരണ പ്രവര്‍ത്തനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജയാ സോമന്റെയും പഞ്ചായത്ത് പ്രസിഡന്റ് ശോഭാ ഏലിയാസിന്റെയും നേതൃത്വത്തില്‍ പൂര്‍ത്തീകരിച്ചു. പഞ്ചായത്തിലെ ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍, വില്ലേജ് ഉദ്യോഗസ്ഥര്‍ കുടുംബശ്രീ, തൊഴിലുറപ്പ് പ്രവര്‍ത്തകര്‍ അടക്കം നിരവധി സന്നദ്ധ പ്രവര്‍ത്തകര്‍ അണിനിരന്നാണ് ശുചീകരണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കിയത് .
ബ്ലോക്കിന് കീഴിലെ അഞ്ച് പഞ്ചായത്തുകളിലാണ് പ്രധാനമായും ശുചീകരണ പ്രവര്‍ത്തികള്‍ നടന്നത് ആമ്പല്ലൂര്‍ പഞ്ചായത്തില്‍ 150 വീടുകളും മണീട് പഞ്ചായത്തില്‍ 148 ഉം ഉദയംപേരൂര്‍ പഞ്ചായത്തില്‍ 40 വീടുകളും എടയ്ക്കാട്ടുവയലില്‍ 13 വീടുകളും ശുചീകരിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പ്രളയ ദുരിതബാധിതര്‍ക്കായി ക്യാമ്പുകള്‍ ഒരുക്കിയ മുളന്തുരുത്തി പഞ്ചായത്തിലെ നാല് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയും ശുചീകരണം പൂര്‍ത്തീകരിച്ചിരുന്നു.
മറ്റ് പഞ്ചായത്തുകളില്‍ അതാത് പഞ്ചായത്ത് പ്രസിഡന്റുമാര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ദുരിതബാധിതര്‍ക്കുള്ള ധനസഹായവിതരണത്തിനായി ആലുവ പഞ്ചായത്തിലെ മൂന്നു വില്ലേജുകളിലെ വിവരശേഖരണം മുളന്തുരുത്തി ബ്ലോക്ക് ഓഫീസില്‍ പുരോഗമിക്കുന്നു. മണീട് പഞ്ചായത്തിലെ ജലസ്രോതസ്സുകളുടെ ശുചീകരണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായി. മൂന്ന്, നാല്, അഞ്ച് വാര്‍ഡുകളില്‍ പഞ്ചായത്ത് കുടിവെള്ളവിതരണം നടത്തുന്നുണ്ട്.
പ്രളയം രൂക്ഷമായി ബാധിച്ച ചെങ്ങമനാട് പഞ്ചായത്തിലെ പറയൂര്‍ കോളനിയിലെ വീടുകള്‍ മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്, വൈസ് പ്രസിഡന്റ് എന്നിവരുടെ നേതൃത്വത്തില്‍ ശുചീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് മുളന്തുരുത്തി സാമൂഹിക ആരോഗ്യ കേന്ദ്രവുമായി സഹകരിച്ച് പറയൂര്‍ കോളനിയില്‍ നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍ നിരവധി പേര്‍ പങ്കെടുത്തു.