ആലപ്പുഴ: പ്രഥമ ബീച്ച് ഫെസ്റ്റിനൊരുങ്ങി മാരാരിക്കുളം. മാരാരിക്കുളം വടക്ക് പഞ്ചായത്തിന്റെയും ഡി.ടി.പി.സി.യുടേയും സഹകരണത്തോടെ പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ.യുടെ നേതൃത്വത്തില്‍ ഡിസംബര്‍ 25 മുതല്‍ 31 വരെയാണ് ബീച്ച് ഫെസ്റ്റ്. ഗാനമേള, മെഗാഷോ, മ്യൂസിക്കല്‍ ഫ്യൂഷന്‍, ഡിജെ പ്രോഗ്രാം, കുടുംബശ്രീയുടെ ഭക്ഷ്യമേള, കരകൗശലമേള, ചിത്രപ്രദര്‍ശനം, കഥാപ്രസംഗം, നാടന്‍പാട്ട്, നാടകം, കഥകളി, നൃത്തശില്‍പം, സെമിനാറുകള്‍ തുടങ്ങിയവയാണ് ഫെസ്റ്റിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്നത്.

ഡിസംബര്‍ 25-ന് 4.30-ന് പുതുക്കുളങ്ങര ക്ഷേത്രമൈതാനിയില്‍ നിന്നും സാംസ്‌കാരിക ഘോഷയാത്ര ആരംഭിക്കും.
വൈകിട്ട് 5.30-ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം കൃഷി വകുപ്പ്മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കും. എ.എം. ആരിഫ് എം.പി., ജില്ല കളക്ടര്‍ വി.ആര്‍. കൃഷ്ണ.തേജ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി എന്നിവര്‍ മുഖ്യാതിഥികളാകും. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി. മോഹനന്‍, മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സുദര്‍ശനാ ബായി, വൈസ് പ്രസിഡന്റ് സി.സി. ഷിബു, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളായ പ്രീത അനില്‍, പി.രത്നമ്മ, ജെസ്സി ജോണി, സാജു വച്ചാക്കല്‍, മുന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ആര്‍. നാസര്‍, മാരാരിക്കുളം സെന്റ് അഗസ്റ്റിന്‍ ചര്‍ച്ച് വികാരി റവ.ഫാ. ബര്‍ണാഡ് പണിക്കവീട്ടില്‍, ഡി.ടി.പി.സി. സെക്രട്ടറി ലിജോ എബ്രഹാം, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ഡിസംബര്‍ 30-ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ഫെസ്റ്റ് സന്ദര്‍ശിക്കും. 31-ന് നടക്കുന്ന സമാപന സമ്മേളനവും സെമിനാറും സാംസ്‌കാരിക സഹകരണ വകുപ്പ്മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യും. പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ. അധ്യക്ഷനാകും. ഉത്തരവാദിത്വ ടൂറിസം സാധ്യതകള്‍ എന്ന വിഷയത്തില്‍ ടൂറിസം വകുപ്പ് കോര്‍ഡിനേറ്റര്‍ കെ. രൂപേഷ്‌കുമാര്‍ സെമിനാര്‍ അവതരിപ്പിക്കും. എ.എം. ആരിഫ് എം.പി. മുഖ്യാതിഥിയാകും. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി സമ്മാനദാനം നിര്‍വഹിക്കും.