*ആകെ 55 ലക്ഷം പേർക്ക് ജീവിതശൈലീ രോഗ സ്‌ക്രീനിംഗ്
സംസ്ഥാനത്ത് ജീവിത ശൈലീ രോഗങ്ങൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് നടപ്പിലാക്കിയ ‘അൽപം ശ്രദ്ധ ആരോഗ്യം ഉറപ്പ്’ എന്ന കാമ്പയിന്റെ ഭാഗമായി വയനാട് ജില്ല ജീവിതശൈലീ രോഗ സ്‌ക്രീനിംഗ് പൂർത്തിയാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ജില്ലയിൽ 30 വയസിന് മുകളിലുള്ള 4,38,581 ആകെ ജനസംഖ്യയിൽ 4,30,318 പേരുടെയും സ്‌ക്രീനിംഗ് നടത്തി. സംസ്ഥാനത്തിന് പുറത്തുള്ളവരും താത്പര്യമില്ലാത്തവരും ഒഴികെയുള്ള എല്ലാവരുടേയും വീടുകളിലെത്തി സ്‌ക്രീനിംഗ് നടത്തി. ഈ നേട്ടം കൈവരിക്കാനായി പ്രവർത്തിച്ച എല്ലാ ആരോഗ്യ പ്രവർത്തകരേയും പഞ്ചായത്തുകളേയും മന്ത്രി അഭിനന്ദിച്ചു.
വയനാട് ജില്ലയിൽ 20.85 ശതമാനം പേർ (89,753) ഏതെങ്കിലും ഒരു ഗുരുതര രോഗം വരുന്നതിനുള്ള റിസ്‌ക് ഫാക്ടർ ഗ്രൂപ്പിലുണ്ട്. 11.80 ശതമാനം പേർക്ക് (50,805) രക്താതിമർദ്ദവും, 6.59 ശതമാനം പേർക്ക് (28,366) പ്രമേഹവും, 3.16 ശതമാനം പേർക്ക് (13,620) ഇവ രണ്ടും ഉള്ളതായി കണ്ടെത്തി. 6.18 ശതമാനം പേർക്ക് (26,604) കാൻസർ സംശയിക്കുന്നുണ്ട്. ഇവരെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കി ആവശ്യമുള്ളവർക്ക് സൗജന്യ രോഗ നിർണയവും ചികിത്സയും ലഭ്യമാക്കി വരുന്നു.
സംസ്ഥാന വ്യാപകമായി 55 ലക്ഷത്തിലധികം പേരെ (55,89,592) വീട്ടിലെത്തി ജീവിതശൈലീ രോഗ നിർണയ സ്‌ക്രീനിംഗ് നടത്തി. 19.13 ശതമാനം പേർ (10,69,753) ഏതെങ്കിലും ഒരു ഗുരുതര രോഗം വരുന്നതിനുള്ള റിസ്‌ക് ഫാക്ടർ ഗ്രൂപ്പിൽ വന്നിട്ടുണ്ട്. ഇവരെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയിരിക്കുകയാണ്. 10.83 ശതമാനം പേർക്ക് (6,05,407) രക്താതിമർദ്ദവും, 8.79 ശതമാനം പേർക്ക് (4,91,401) പ്രമേഹവും, 3.79 ശതമാനം പേർക്ക് (2,11,962) ഇവ രണ്ടും ഉള്ളതായി കണ്ടെത്തി. ഇവരിൽ ആവശ്യമുള്ളവർക്ക് സൗജന്യ രോഗ നിർണയവും ചികിത്സയും ലഭ്യമാക്കി വരുന്നു.
ഇ-ഹെൽത്ത് രൂപകല്പ്പന ചെയ്ത ശൈലി ആപ്പിന്റെ സഹായത്തോടെ ആരോഗ്യ പ്രവർത്തകർ നേരിട്ട് വീട്ടിലെത്തിയാണ് സ്‌ക്രീനിംഗ് നടത്തുന്നത്. ജീവിതശൈലീ രോഗങ്ങളും കാൻസറും നേരത്തേ തന്നെ കണ്ടുപിടിച്ച് ചികിത്സിക്കുന്നതിലൂടെ രോഗം സങ്കീർണമാകാതെ ചികിത്സിച്ച് ഭേദമാക്കാൻ കഴിയുന്നു. ഇതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും സ്‌ക്രീനിംഗ് നടന്നു വരുന്നു. കൂടാതെ എല്ലാവർക്കും കാൻസർ ചികിത്സ ഉറപ്പ് വരുത്തുന്നതിന് കാൻസർ ഗ്രിഡിന്റെ മാപ്പിംഗ് എല്ലാ ജില്ലകളിലും നടന്നു വരികയാണ്.