മാനന്തവാടി ജില്ലാ ജയിലിലെ ജയില്‍ ക്ഷേമദിനാഘോഷങ്ങളുടെ സമാപന സമ്മേളനം ഒ.ആര്‍ കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജയില്‍ അന്തേവാസികളുടെ മാനസിക പിരിമുറുക്കം ലഘൂകരിക്കുന്നതിനും അവരുടെ സര്‍ഗ്ഗവാസനകള്‍ പ്രോത്സാഹിപ്പിച്ച് അവരില്‍ ക്രിയാത്മക പ്രവര്‍ത്തനത്തിലൂടെ ജീവിത മൂല്യം തിരിച്ചറിയുന്നതിനും സാമൂഹിക ബോധം വളര്‍ത്തി സാമൂഹിക പ്രതിബദ്ധതയുള്ള പൗരനായി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് തിരികെ എത്തിക്കുന്നതിന്റെ ഭാഗമായിട്ടാണ് ക്ഷേദിനാഘോഷം നടത്തിയത്.

അന്തേവാസികളുടെ കലാപരിപാടികളും കലാകായിക മത്സരങ്ങളും അവര്‍ക്കായുള്ള ബോധവല്‍ക്കരണ ക്ലാസുകളും ഉള്‍പ്പെടെ 10 ദിവസം നീണ്ടുനിന്ന ആഘോഷ പരിപാടിയാണ് സംഘടിപ്പിച്ചത്. മാനന്തവാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ രത്‌നവല്ലി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ മത്സര വിജയികളായ അന്തേവാസികള്‍ക്ക് ഒ.ആര്‍ കേളു എം.എല്‍.എ സമ്മാനം വിതരണം ചെയ്തു.
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, ഉത്തരമേഖലാ റീജണല്‍ വെല്‍ഫെയര്‍ ഓഫീസര്‍ കെ.വി മുകേഷ്, മാനന്തവാടി ജില്ലാ ജയില്‍ സൂപ്രണ്ട് ഒ.എം രതൂണ്‍, വൈത്തിരി സ്‌പെഷ്യല്‍ സബ് ജയില്‍ സൂപ്രണ്ട് വി.എം സിയാദ്, മാനന്തവാടി ജില്ലാ ജയില്‍ വെല്‍ഫെയര്‍ ഓഫീസര്‍ ജെ.ബി രജീഷ്, കെ.ജി.ഇ.ഒ.എ മേഖലാ കമ്മിറ്റി അംഗം ഒ.കെ രാജീവന്‍, കെ.ജെ.എസ്.ഒ.എ കണ്ണൂര്‍ മേഖല സെക്രട്ടറി കെ.കെ ബൈജു തുടങ്ങിയവര്‍ സംസാരിച്ചു.