ചാലിയം ബീച്ച് ടൂറിസത്തിൻ്റെ അനന്ത സാധ്യതകളുള്ള ബീച്ചാണെന്നും ഇതിനായി പത്തുകോടി രൂപ ടൂറിസം വകുപ്പ് അനുവദിച്ചതായും ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ബേപ്പൂർ ഫെസ്റ്റ് സീസൺ 2 വിൻ്റെ ഭാഗമായി ചാലിയം ബീച്ചിലെ സാംസ്ക്കാരിക പരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു മന്ത്രി.ടൂറിസം വികസനത്തിൻ്റെ ഭാഗമായി ചാലിയത്ത് ഓഷ്യാനസ് ചാലിയം പദ്ധതി ടൂറിസം വകുപ്പ് നടപ്പിലാക്കും. ഭാവിയിൽ ഈ ബീച്ചിൽ വിളക്കുകൾ, റിഫ്രഷ്മെൻ്റ് കൗണ്ടർ, കഫ്റ്റീരിയ, വിശ്രമസ്ഥലം, ശൗചാലയം തുടങ്ങി അനവധി മാറ്റങ്ങൾ വരും. ബീച്ച് ടൂറിസത്തെ വലിയ പ്രാധാന്യത്തോടെയാണ് സർക്കാർ കാണുന്നതെന്നും മന്ത്രി പറഞ്ഞു.
കേരളത്തിൽ ആദ്യമായി ഒരു ഫ്ളോട്ടിങ് റസ്റോറൻ്റ് കടലുണ്ടി പഞ്ചായത്തിൽ ഒരുങ്ങും. ഇതിനായി അഞ്ചുകോടിയും കടലുണ്ടി പക്ഷി സങ്കേതം നവീകരണത്തിനായി 1 കോടി 50 ലക്ഷം രൂപയും അനുവദിച്ചതായും മന്ത്രി അറിയിച്ചു.
ബേപ്പൂർ ഫെസ്റ്റ് അടുത്ത സീസണിൻ്റെ തയ്യാറെടുപ്പുകൾ ജനുവരിയിൽ തന്നെ ആരംഭിക്കും. ഒരു പ്രദേശത്ത് ടൂറിസത്തിൻ്റെ വികാസമുണ്ടായാൽ അതിൻ്റെ ഗുണം ആ പ്രദേശത്തിന് കൂടിയാന്നെന്നും മന്ത്രി കൂട്ടിച്ചേർത്തു.ചടങ്ങിൽ കടലുണ്ടി പഞ്ചായത്ത് പ്രസിഡൻ്റ് വി അനുഷ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ റബീഅത്ത്,നിർദ്ദേശ് പ്രതിനിധി സുരേന്ദ്രൻ വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ എന്നിവർ സംസാരിച്ചു.
ജില്ലാ വികസന കമ്മീഷണർ എം.എസ് മാധവിക്കുട്ടി സ്വാഗതവും ടൂറിസം വകുപ്പ് ജോയിൻ്റ് ഡയറക്ടർ ടി.ജി അഭിലാഷ് നന്ദിയും പറഞ്ഞു. തുടർന്ന് പാഗ്ലി ബാന്റിൻ്റെ സംഗീത പരിപാടികളും അരങ്ങേറി. ചാലിയം ബീച്ചിലെ സാംസ്ക്കാരിക പരിപാടികൾ ആസ്വദിക്കാനായി ആയിരങ്ങളാണ് ഒഴുകി എത്തിയത്