ബേപ്പൂരിന്റെ ഓളപ്പരപ്പിൽ ആവേശം നിറച്ച് ഒളിമ്പിക്സ് ഇനമായ റോവിങ്. ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിന്റെ ഭാഗമായാണ് ബേപ്പൂർ ബ്രേക്ക്‌വാട്ടറിൽ റോവിങ് ഡെമോ പ്രകടനം നടത്തിയത്. കയാക്കിങ്ങിനോട്‌ സാദൃശ്യമുള്ളതാണ് റോവിങ്. എന്നാൽ തുഴയെറിയുന്നത് പുറകോട്ടാണെന്ന് മാത്രം. നീളൻ ബോട്ടിൽ രണ്ടു പേരായും ഒരാൾ മാത്രമായുമാണ് റോവിങ് ഡെമോ നടത്തിയത്. മണിക്കൂറിൽ 15 കിലോമീറ്റർ വരെ ഇത്തരത്തിൽ തുഴയെറിയാൻ സാധിക്കും.

ജൂനിയർ ഏഷ്യൻ റോവിങ് ചാമ്പ്യൻഷിപ്പ് ജേതാവ് അദ്വൈത് ജെ. പി, ജൂനിയർ നാഷണൽ ചാമ്പ്യാൻഷിപ്പ് ജേതാവ് നവനീത് ബാലുശ്ശേരി, ജെല്ലിഫിഷ് വാട്ടർ സ്പോർട്സ് കോച്ച് ബാബാജി റെയ്ത്തി തുടങ്ങിയവരാണ് ബേപ്പൂരിലെ നിറഞ്ഞ് കവിഞ്ഞ കാണികൾക്ക് മുൻപിൽ പ്രകടനം കാഴ്ച വച്ചത്.