സംഭാവന നല്‍കിയത് നാഗര്‍കോവില്‍ മേയര്‍ ആര്‍. മഹേഷ്
ശബരിമല സന്നിധാനത്ത് ദേവസ്വം ബോര്‍ഡിന് പുതിയ ട്രാക്ടര്‍ സ്വന്തം. നാഗര്‍കോവില്‍ മേയര്‍ അഡ്വ. ആര്‍. മഹേഷ് സംഭാവനയായി നല്‍കിയതാണ് പുതിയ ട്രാക്ടര്‍. ഇന്നലെ രാവിലെ(ഡിസംബര്‍ 26) 9.00 മണിക്ക് സന്നിധാനത്ത് പതിനെട്ടാംപടിക്കു മുന്നില്‍ നടന്ന ചടങ്ങില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന് നാഗര്‍കോവില്‍ മേയര്‍ ട്രാക്ടര്‍ കൈമാറി.
അപ്പം അരവണ വിതരണത്തിനാണ് പുതിയ ട്രാക്ടര്‍. പുതിയ ട്രാക്ടര്‍ കൂടി വന്നതോടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് നാലു ട്രാക്ടറുകള്‍ സ്വന്തമായി. മഹീന്ദ്ര അര്‍ജുന്‍ നോവോ 605 ഡി.എല്‍. ഐ ട്രാക്ടറാണ് 12 ലക്ഷം രൂപ മുടക്കി ബോര്‍ഡിന് സംഭാവനയായി നല്‍കിയത്. തികഞ്ഞ അയ്യപ്പഭക്തനായ മേയര്‍ ആര്‍. മഹേഷ് കഴിഞ്ഞമാസം ശബരിമല ദര്‍ശനത്തിനെത്തിയപ്പോള്‍ ദേവസ്വം അധികൃതരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
തുടര്‍ന്നു നടന്ന ചര്‍ച്ചയിലാണ് ബോര്‍ഡിന് ട്രാക്ടര്‍ സമ്മാനിക്കാനുള്ള സന്നദ്ധത മേയര്‍ അറിയിച്ചത്. ട്രാക്ടറിന്റെ ട്രെയ്ലര്‍ കൂടി എത്താനുണ്ട്. രണ്ടുദിവസത്തിനുള്ളില്‍ അതു ലഭ്യമാക്കുമെന്ന് ആര്‍. മഹേഷ് പറഞ്ഞു. ദേവസ്വം അംഗം അഡ്വ. എസ്.എസ്. ജീവന്‍, എക്സിക്യൂട്ടീവ് ഓഫിസര്‍ എച്ച്. കൃഷ്ണകുമാര്‍, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഓഫിസര്‍ രവികുമാര്‍, ദേവസ്വം ബോര്‍ഡ് ചീഫ് എന്‍ജിനീയര്‍ ആര്‍. അജിത് കുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.